വ്യാജ കണക്കുകള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിച്ചു: സുബ്രഹ്മണ്യന്‍ സ്വാമി

0
44

ന്യൂഡല്‍ഹി: വിവാദ വെളിപ്പെടുത്തലുമായി ബിജെപി എം പി സുബ്രഹ്മണ്യന്‍ സ്വാമി. നോട്ട് അസാധുവാക്കല്‍ മൂലമുണ്ടായ പ്രശ്‌നങ്ങള്‍ സമ്പത്ത് വ്യവസ്ഥയേയും
ജിഡിപിയേയും ബാധിച്ചിട്ടില്ലെന്ന തരത്തില്‍ കണക്കുകള്‍ നല്‍കാന്‍ മോദി സര്‍ക്കാര്‍ കേന്ദ്ര സ്റ്റാറ്റിക്കല്‍ ഓര്‍ഗനൈസേഷനു (സിഎസ്ഒ) മേല്‍ സമ്മര്‍ദം ചെലുത്തിയെന്ന് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി. അഹമ്മദാബാദില്‍ നടന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ യോഗത്തില്‍ ആണ് അദ്ദേഹം ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
ജിഡിപിയുടെ ത്രൈമാസ വിവരങ്ങള്‍ കണക്കിലെടുക്കരുത്. അതെല്ലാം വ്യാജമാണ്. എന്റെ പിതാവാണ് സ്റ്റാറ്റിറ്റിക്കല്‍ ഓര്‍ഗനൈസേഷന്റെ സ്ഥാപകന്‍. അടുത്തിടെ മന്ത്രി സദാനന്ദ ഗൗഡയ്‌ക്കൊപ്പം ഞാന്‍ അവിടെ പോയിരുന്നു. അവിടെ അദ്ദേഹം സിഎസ്ഒയുടെ ചുമതലയുള്ള ആളെ വിളിച്ചുവരുത്തി. നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച വിവരങ്ങളില്‍ കൃത്രിമം കാട്ടാന്‍ സമ്മര്‍ദം ചെലുത്താനായിരുന്നു ഇത്. അതിലാണ് ജിഡിപിയില്‍ നോട്ട് അസാധുവാക്കലിന്റെ പ്രതിഫലനം ഉണ്ടാകുന്നില്ലെന്ന് അവര്‍ പറയുന്നതെന്നും സുബ്രഹ്മണ്യന്‍ സ്വാമി വ്യക്തമാക്കി.

അന്ന് ഞാന്‍ വളരെ അസ്വസ്ഥനായിരുന്നു. നോട്ട് അസാധുവാക്കല്‍ പോലെയൊന്ന് സമ്പത്ത് വ്യവസ്ഥയെ ബാധിച്ചിട്ടില്ലെന്ന് എങ്ങനെ പറയാന്‍ സാധിക്കുമെന്ന് ഞാന്‍ അവരോടു ചോദിച്ചു. എന്നാല്‍ ഞങ്ങള്‍ക്കു മേല്‍ വലിയ സമ്മര്‍ദമാണുള്ളതെന്നും അതിനാലാണ് ഇത്തരത്തില്‍ വിവരങ്ങള്‍ നല്‍കുന്നതെന്നും സിഎസ്ഒ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മൂഡീസ് റേറ്റിങ്ങോ ഫിറ്റ്‌ച്ചെസോ വിശ്വസിക്കരുത്. കാശുനല്‍കി അവരെക്കൊണ്ട് എന്തു റിപ്പോര്‍ട്ടു വേണമെങ്കിലും ഏര്‍പ്പാടാക്കാമെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞയിടയ്ക്കാണു മൂഡീസ് റേറ്റിങ്ങില്‍ ഇന്ത്യ നിലമെച്ചപ്പെടുത്തിയത്. 13 വര്‍ഷത്തിനിടെ ആദ്യമായിട്ടായിരുന്നു ഇത്.