കൊല്ലത്ത് യുഡിഎഫിന് എംഎല്‍എമാരുണ്ടാകുമോ? കൊല്ലത്തെക്കുറിച്ച് പുതു പ്രതീക്ഷയുമായി കോണ്‍ഗ്രസ് നേതൃത്വം

0
738


എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല നയിച്ച ‘പടയൊരുക്കം’ കഴിഞ്ഞതോടെ കോണ്‍ഗ്രസ് നേതൃത്വത്തിനു കൊല്ലത്തെ സംബന്ധിച്ച് പുതിയ പ്രതീക്ഷ. പടയൊരുക്കം ജാഥയ്ക്ക് കേരളത്തില്‍ വെച്ച് ഏറ്റവും മികച്ച സ്വീകരണം കൊല്ലത്ത് ലഭിച്ചതായുള്ള വിലയിരുത്തലിന് ശേഷമാണ് വരുന്ന തിരഞ്ഞെടുപ്പുകളില്‍ കൊല്ലത്ത് പ്രതീക്ഷയര്‍പ്പിക്കാം എന്ന നിഗമനത്തിലേയ്ക്ക്‌ കെപിസിസി നേതൃത്വം എത്തുന്നത്.

ഇടത് ശക്തികേന്ദ്രമായ കൊല്ലത്ത് പടയൊരുക്കത്തിനു വലിയ സ്വീകരണം കോണ്‍ഗ്രസ് നേതൃത്വം പ്രതീക്ഷിച്ചിരുന്നില്ല. ഒരൊറ്റ എംഎല്‍എ പോലും യുഡിഎഫിനില്ലാത്ത ജില്ലയാണ് കൊല്ലം. കോഴിക്കോടും സ്ഥിതി വിഭിന്നമല്ലെങ്കിലും കോഴിക്കോട് ഒരു സീറ്റ് യുഡിഎഫിനുണ്ട്. എം.കെ.മുനീര്‍ കോഴിക്കോട് നിയമസഭാ മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

പക്ഷെ കൊല്ലത്ത് കോണ്‍ഗ്രസിനുമില്ല, യുഡിഎഫിനുമില്ല എംഎല്‍എ എന്ന അവസ്ഥയാണ്. ഈ അവസ്ഥയില്‍ കൊല്ലത്ത് പടയൊരുക്കത്തിനു വലിയ സ്വീകരണം കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ പ്രതീക്ഷകള്‍ തിരുത്തിക്കുറിക്കുന്ന സ്വീകരണമാണ് പടയൊരുക്കത്തിനു കൊല്ലത്ത് ലഭിച്ചത്.

പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും കൊല്ലത്ത് പടയൊരുക്കം സ്വീകരണങ്ങളില്‍ തികഞ്ഞ സംതൃപ്തനാണ്. ജില്ലാ പഞ്ചായത്തില്‍ തന്നെ യുഡിഎഫിന് മൂന്നു സീറ്റാണ് ഉള്ളത്. നിലവില്‍ കണ്ണൂരിനെക്കാളും വലിയ ഇടത് കോട്ടയാണ് കൊല്ലം. ആ കൊല്ലത്ത് പേരിനു പോലും യുഡിഎഫ് എംഎല്‍എയില്ല എന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം കടുത്ത ആശങ്ക വെച്ചു പുലര്‍ത്തുന്നുണ്ട്. ഈ ആശങ്ക അലട്ടിക്കൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് പടയൊരുക്കത്തിനു കൊല്ലത്ത് ഉജ്വല സ്വീകരണം ലഭിക്കുന്നത്.

പതിനൊന്നു നിയമസഭാ സീറ്റുകള്‍ ആണ് കൊല്ലത്ത് ഉള്ളത്. അതില്‍ തന്നെ ഒന്നോ രണ്ടോ നിയമസഭാ സീറ്റുകള്‍ ഒഴിച്ച് വലിയ ഭൂരിപക്ഷത്തിനാണ്‌ കോണ്‍ഗ്രസ് തോറ്റത്. കൊട്ടാരക്കര 42000ത്തിലേറെ വോട്ടുകള്‍ക്കാണ് യുഡിഎഫ് തോറ്റത്. ചാത്തന്നൂരില്‍ ബിജെപിയേക്കാള്‍ താഴെയാണ് കോണ്‍ഗ്രസ് ഫിനിഷ് ചെയ്തത്. കോണ്‍ഗ്രസിന് ലഭിച്ച വോട്ടുകളെക്കാള്‍ കൂടുതലാണ് ഇവിടെ ഇടത് ഭൂരിപക്ഷം.

ആത്മവിശ്വാസം നഷ്ടപ്പെട്ട കൊല്ലത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ പടയൊരുക്കം ഒരു ഉണര്‍ത്ത് പാട്ടിന്റെ ഫലം ചെയ്തതായാണ് വിലയിരുത്തപ്പെടുന്നത്. യുഡിഎഫ് കക്ഷികള്‍ എല്ലാം കൂടി യോജിച്ച് നിന്ന് പടയൊരുക്കം വലിയ വിജയമാക്കിയപ്പോള്‍ അത് പിന്തുടര്‍ന്നു ഇതേ രീതി നിലനിര്‍ത്തി കൊല്ലത്തെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനാണ്‌ കെപിസിസി നേതൃത്വം പദ്ധതിയിടുന്നത്.

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ഒരുക്കങ്ങള്‍ കൂടി കൊല്ലം കോണ്‍ഗ്രസ് നേതൃത്വം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കൊല്ലം ഇടത് കോട്ടയാണെങ്കിലും ഇവിടെ യുഡിഎഫ് എം പി എന്‍.കെ.പ്രേമചന്ദ്രനാണ്. പക്ഷെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത് പടയോട്ടത്തില്‍ യുഡിഎഫ് കോട്ടകള്‍ നിലംപരിശാകുകയായിരുന്നു.

ബിന്ദു കൃഷ്ണയാണ് നിലവില്‍ കൊല്ലം  ഡിസിസി പ്രസിഡന്റ്. കേരളത്തിലെ ഏക വനിതാ ഡിസിസി പ്രസിഡന്റ് കൂടിയാണ് ബിന്ദു കൃഷ്ണ. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ പതഞ്ഞു പൊങ്ങുന്ന വികാരം ഇതേ രീതിയില്‍ തന്നെ ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് നീങ്ങാന്‍ കെപിസിസി നേതൃത്വം ബിന്ദു കൃഷ്ണയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ബൂത്തുകളില്‍ പോകാത്ത ഡിസിസി പ്രസിഡന്റുമാര്‍ ധാരാളം ഉള്ളപ്പോള്‍ അതിനപവാദമാണ് ബിന്ദു കൃഷ്ണയുടെ പ്രവര്‍ത്തനം എന്ന് കോണ്‍ഗ്രസ് നേതൃത്വം നിരീക്ഷിച്ചിട്ടുണ്ട്.

1600 ബൂത്തുകളില്‍ കുടുംബ സംഗമം നടത്തി ബിന്ദു കൃഷ്ണ റെക്കോര്‍ഡ് പ്രകടനമാണ് കാഴ്ചവെച്ചത്.
ഈ കുടുംബ സംഗമ മേളകളാണ് കോണ്‍ഗ്രസിനെ ജില്ലയില്‍ ഉണര്‍ത്തെഴുന്നേല്‍പ്പ് ആയത് എന്നാണു വിലയിരുത്തല്‍. ഇടത് കോട്ടയില്‍ ജാഗരൂകമായാണ് കോണ്‍ഗ്രസ് നിലവിലെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ട് പോകുന്നത്.

ഓഖി ചുഴലിക്കാറ്റില്‍ കൊല്ലത്ത് നിന്ന് കാണാതെ പോയ രണ്ടു ബോട്ടുകള്‍ തിരിച്ചെത്തും വരെ കൊല്ലത്തെ തീരമേഖലയില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനം നയിച്ച ബിന്ദു കൃഷ്ണ തീരമേഖലയെക്കൂടി ഒപ്പം നിര്‍ത്തുന്നു എന്നും കോണ്‍ഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നു.

കൊല്ലത്തെ ബിവറേജസ്‌ ഷോപ്പിനെതിരെ ബിന്ദു കൃഷ്ണ നയിച്ച സമരവും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മുന്നിലുണ്ട്. ഡിസിസി സജീവമാണ് കൊല്ലത്ത്. ഡിസിസി സജീവമായാല്‍ കോണ്‍ഗ്രസും സജീവമാകും – കൊല്ലത്തെ ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് 24 കേരളയോട് പ്രതികരിച്ചു.

ബിന്ദു കൃഷ്ണയുടെ ശൈലിക്കെതിരെ കൊല്ലം കോണ്‍ഗ്രസില്‍ നിന്നും മുറുമുറുപ്പ് ഉയരുന്നുണ്ട്. ഡിസിസി പ്രസിഡന്റ് നേരിട്ട് പൊലീസ് സ്റ്റേഷനില്‍ പോവുക, സമരം നയിക്കുക, നേരിട്ട് ബൂത്തില്‍ എത്തുക എന്നതിനെതിരെയാണ് മുറുമുറുപ്പ്. പക്ഷെ ഈ ശൈലി സ്വീകരിച്ചാല്‍ എന്താണ് കുഴപ്പമെന്നു ബിന്ദു കൃഷ്ണയുമായി അടുപ്പമുള്ളവര്‍ ചോദിക്കുന്നു.

പക്ഷെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് വരെ ഇതേ രീതിയില്‍ ഡിസിസി പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമോ എന്നതാണ് കോണ്‍ഗ്രസ് നേതൃത്വം ആരായുന്നത്. കാരണം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പതിനൊന്നു നിയമസഭാ സീറ്റിലും ഇടതു മുന്നണിക്ക്‌ വെല്ലുവിളിയായി കോണ്‍ഗ്രസ് മുന്നേറ്റം ഉണ്ടാകണം. കൊല്ലത്ത് നിന്നും നിയമസഭാ സീറ്റുകള്‍ വേണം. ഇതാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആഗ്രഹം. എന്തായാലും പടയൊരുക്കം കൊല്ലത്തെ സംബന്ധിച്ച് കോണ്‍ഗ്രസില്‍ പുതു പ്രതീക്ഷ നിറച്ചിരിക്കുന്നു.