ഹരിപ്പാട് വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍

0
33


ഹരിപ്പാട്: ആലപ്പുഴയില്‍ വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍. മുട്ടം സ്വദേശിയായ സജിത്തിനെയാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം നെടുമ്പാശേരിയില്‍ വച്ച് പിടികൂടിയത്. രണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന കൊലപാതകത്തിന് ശേഷം വിദേശത്തേക്ക് കടന്നുകളഞ്ഞ പ്രതിയെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

2015 ഓഗസ്റ്റ് 13 നാണ് ഹരിപ്പാട് സ്വദേശിയായ ജലജയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്. ഇവരുടെ ശരീരത്തില്‍ നിന്ന് ആഭരണങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. ആദ്യം മോഷണത്തിനിടയിലുള്ള കൊലപാതകം എന്നായിരുന്നു പൊലീസ് നിഗമനം. പിന്നീടുള്ള അന്വേഷണത്തിലാണ് മോഷണത്തിനിടയിലായിരുന്നില്ല കൊല നടന്നതെന്ന് തെളിഞ്ഞത്.

ജലജയുടെ അയല്‍വാസിയായ രാജുവിന്റെ അടുത്ത സുഹൃത്തായിരുന്നു പ്രതി സജിത്ത്. സംഭവ ദിവസം സജിത്ത് രാജുവിനെ വീട്ടില്‍ കാണാതിരുന്നതോടെ ജലജയുടെ വീട്ടില്‍ അന്വേഷിച്ചെത്തുകയായിരുന്നു. ജലജ തനിച്ചാണെന്നറിഞ്ഞ പ്രതി അവരോട് അപമര്യാദയായി പെരുമാറുകയും ഇതിനിടയിലുണ്ടായ ഉന്തിനും തള്ളലിനുമിടയില്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.