ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗര്‍ഭിണി മരിച്ചു; മരണം ചികിത്സ ലഭിക്കാത്തിനാലെന്ന് ബന്ധുക്കള്‍

0
94

 


തലശേരി: പ്രസവത്തിനായി തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പൂര്‍ണ ഗര്‍ഭിണിയും ഗര്‍ഭസ്ഥ ശിശുവും മരിച്ചു. മാങ്ങാട്ടിടത്തെ രമ്യ എന്ന യുവതിയാണ് മരിച്ചത്. എന്നാല്‍ യഥാസമയം ചികില്‍സ ലഭിക്കാത്തതാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ ഡോക്ടറെ തടഞ്ഞുവെച്ചു. സംഭവത്തില്‍ ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇക്കഴിഞ്ഞ 21-ാം തീയതിയാണ് രമ്യയെ തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. തിങ്കഴാഴ്ച രാത്രി 9 മണിയോടെ പ്രവസ വേദന അനഭവപ്പെട്ടു. ഇത് ജീവനക്കാരെ അറിയിച്ചെങ്കിലും ഡോക്ടറും ജീവനക്കാരും തിരിഞ്ഞു നോക്കിയില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. പ്രസവ വേദന അറിയിച്ചപ്പോള്‍ കേട്ടഭാവം നടിക്കാതെ ജീവനക്കാര്‍ മൊബൈലില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് രമ്യ മരിച്ചത്.

രമ്യയും ഗര്‍ഭസ്ഥ ശിശുവും മരിച്ചത് ഡോക്ടറുടേയും ജീവനക്കാരുടേയും അനാസ്ഥ ഒന്നുകൊണ്ടുമാത്രമാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് എ.എന്‍.ഷംസീര്‍ എംഎല്‍എയും മറ്റു ജനപ്രതിനിധികളും എത്തി ചര്‍ച്ച നടത്തി.

അതേസമയം, സംഭവത്തില്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കി. വിശദപരിശോധനയ്ക്കായി മൃതദേഹം പരിയാരം മെഡിക്കല്‍കോളജിലേക്ക് മാറ്റി.