‘കളിയെഴുത്ത് ‘ എന്ന കഥയെ ചൊല്ലിയുണ്ടായ പ്രകോപനങ്ങള്‍ക്ക് പിന്നിലെന്ത് എന്ന് അറിയില്ല: എന്‍.പ്രഭാകരന്‍

0
140


എം.മനോജ്‌ കുമാര്‍
തിരുവനന്തപുരം: ‘കളിയെഴുത്ത് ‘ കഥയില്‍ പ്രകോപനങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് പ്രമുഖ സാഹിത്യകാരന്‍ എന്‍.പ്രഭാകരന്‍ 24 കേരളയോടു പ്രതികരിച്ചു.  പ്രകോപനങ്ങളുടെ കഥയായിരുന്നില്ല ‘കളിയെഴുത്ത് ‘. എന്നിട്ടും കഥയ്ക്ക് നേരെ പ്രകോപനങ്ങള്‍ ഉണ്ടായി. എന്ത് കൊണ്ടാണ് കളിയെഴുത്ത് ചിലരെ പ്രകോപിച്ചത് എന്ന് ഇപ്പോഴും എനിക്ക് ബോധ്യമില്ല. പ്രകോപനങ്ങളെക്കുറിച്ചും ഭീഷണികളെക്കുറിച്ചും ഊഹിക്കുകയോ ചിന്തിക്കുകയോ ചെയ്തിട്ടില്ല – പ്രഭാകരന്‍ പറഞ്ഞു.
അധ്യാപകര്‍ക്കായുള്ള ക്ലസ്റ്റര്‍ യോഗങ്ങളില്‍ സംഭവിക്കുന്നത് തുറന്നു കാട്ടപ്പെട്ടതിന്റെ ജാള്യതയാണോ ഭീഷണികള്‍ക്ക് പിന്നില്‍ എന്ന ചോദ്യത്തിനു ഒരു പൊട്ടിച്ചിരിയായിരുന്നു പ്രഭാകരന്റെ മറുപടി. കളിയെഴുത്ത് എന്ന കഥയെ കഥയായി തന്നെ സമീപിക്കേണ്ടിയിരുന്നു.

കഥയില്‍ പ്രകോപനമുണ്ടെന്നു ചിലര്‍ കണ്ടുപിടിച്ചു ഭീഷണി മുഴക്കുകയാണ് ഉണ്ടായത്. അധ്യാപകരും ക്ലസ്റ്റര്‍ യോഗങ്ങളുമായി ബന്ധപ്പെട്ട കഥയാണത്. അതില്‍ പ്രകോപനത്തിന്റെ അംശങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നിട്ടും പ്രകോപനങ്ങളും ഭീഷണിയും ഉയര്‍ന്നുവന്നു. പക്ഷെ കഥ വായിച്ചപ്പോള്‍ വായനക്കാര്‍ക്ക്, എതിര്‍പ്പ് ഉയര്‍ത്തിയവര്‍ക്ക് കാര്യങ്ങള്‍ മനസിലായി എന്നാണ് എനിക്ക് ബോധ്യമാകുന്നത്. കാരണം എതിര്‍പ്പുകള്‍ കുറഞ്ഞു കുറഞ്ഞു വന്നു.

കളിയെഴുത്ത്’ വിവാദമായപ്പോള്‍ എല്ലാവരും കഥ അച്ചടിച്ച മാതൃഭൂമി ആഴ്ചപ്പതിപ്പ് തേടിപ്പിടിച്ച് വായിച്ചു. കഥ മനസിലാക്കിയപ്പോള്‍ വിമര്‍ശനവും കുറഞ്ഞു. വിമര്‍ശന വിധേയമായ കഥ ആയിരുന്നെങ്കില്‍ വിമര്‍ശനം കൂടുമായിരുന്നു. ഇപ്പോള്‍ വായനക്കാര്‍, എന്നെ അന്വേഷിച്ച് ഫോണ്‍ ചെയ്യുന്നവര്‍ എല്ലാം കഥയെക്കുറിച്ച് നല്ല അഭിപ്രായം പറയുന്നു – കോളേജ് അധ്യാപകന്‍ കൂടിയായിരുന്ന എന്‍.പ്രഭാകരന്‍ പറഞ്ഞു.

ഇപ്പോള്‍ എഴുത്ത് കുറവാണ്. കഥകള്‍ എഴുതുന്നത് നന്നേ കുറച്ചിട്ടുണ്ട്. ‘മനസ് പോകുന്ന വഴിയേ’ എന്ന കഥാസമാഹാരമാണ് അവസാനം പുറത്തിറങ്ങിയത്. ഡിസി ബുക്സ് ആയിരുന്നു പ്രസാധകര്‍. ഇപ്പോള്‍ പുതിയ കഥാസമാഹാരത്തെക്കുറിച്ച്‌ ചിന്തിക്കുന്നു. ‘കളിയെഴുത്ത് ‘ എന്ന കഥ ഉള്‍പ്പെടുത്തിയുള്ള സമാഹാരം പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്.

കേന്ദ്ര-സംസ്ഥാന സാഹിത്യ അക്കാദമികള്‍ സ്വതന്ത്രമായി ചിന്തിക്കുന്നു എന്ന് തന്നെയാണ് എന്റെ വിശ്വാസം എന്ന് കെ.പി.രാമനുണ്ണിയെ തേടി കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം എത്തിയ കാര്യം സൂചിപ്പിച്ചതിനു മറുപടിയായി പ്രഭാകരന്‍ പറഞ്ഞു. കേരള സാഹിത്യ അക്കാദമിയില്‍ താന്‍ ഉണ്ടായിരുന്നപ്പോള്‍ ആ രീതി മനസിലാക്കിയിട്ടുണ്ട്.

അന്ന് എം.ടി.വാസുദേവന്‍ നായര്‍ ആയിരുന്നു തലപ്പത്ത്. സ്വതന്ത്രമായാണ് ആ ഘട്ടത്തില്‍ പുരസ്ക്കാര നിര്‍ണയം നടത്തിയത്. ഒരിടപെടലും ഉണ്ടായിരുന്നില്ല. ഇന്നും അങ്ങിനെയാണെന്നാണ് വിശ്വാസം. ഒരിക്കലും ഒരു അവാര്‍ഡിനും വേണ്ടി തന്റെ ഒരു പുസ്തകവും അയച്ചു കൊടുത്തിട്ടില്ല. പക്ഷെ കേരളാ സാഹിത്യ അക്കാദമി പുരസ്ക്കാരവും മറ്റ് പുരസ്ക്കാരങ്ങളും തേടിവന്നിട്ടുണ്ട്.

രാത്രിമൊഴി എന്ന കഥാ സമാഹാരത്തിനും പുലിജന്മം എന്ന നാടകത്തിനും കേരള സാഹിത്യ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. വിവാദങ്ങളിലൂടെയല്ല സാഹിത്യ അക്കാദമി സഞ്ചരിക്കാറുള്ളത്. മലയാളത്തിലെ രീതികള്‍ക്ക് വലിയ മാറ്റം സംഭവിച്ചെങ്കിലും മലയാളി വായനക്കാര്‍ക്ക് പഞ്ഞമുണ്ടാകുന്നില്ലെന്നും പ്രഭാകരന്‍ ചൂണ്ടിക്കാട്ടുന്നു. പുസ്തകങ്ങള്‍ നല്ല രീതിയില്‍ വിറ്റുപോകുന്നു. വായനശാലകള്‍ വലിയ രീതിയില്‍ പുസ്തകങ്ങള്‍ വാങ്ങുന്നു. വായനക്കാരും വാങ്ങുന്നുണ്ട്.

വെറുതെയല്ലല്ലോ ഒരാള്‍ പുസ്തകം വില കൊടുത്ത് വാങ്ങുന്നത്. വായിക്കാന്‍ വേണ്ടിയല്ലേ? വായനയൊന്നും
ഒരിക്കലും മരിക്കില്ല. വായനക്കാര്‍ പിറവി എടുത്തുകൊണ്ടിരിക്കും. നല്ല കൃതികള്‍ തേടി വായിക്കുകയും ചെയ്യും.

വായനശാലകള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നത് വായനക്കാര്‍ ഉണ്ടായത് കൊണ്ടാണല്ലോ. എന്റെ കഥ തന്നെ വിവാദമാക്കിയതും ചില വായനക്കാര്‍ ആണ്. ‘ കളിയെഴുത്ത് ‘  ഒട്ടുവളരെ ആളുകള്‍ വായിച്ചു എന്നത്‌
എന്നെ ഫോണ്‍ ചെയ്തവരുടെ ബാഹുല്യം വ്യക്തമാക്കുന്നു – പ്രഭാകരന്‍ പറഞ്ഞു.

അധ്യാപക പരിശീലനത്തിന്റെ ഭാഗമായി നടന്ന മൂന്ന് കളികളെ കുറിച്ചാണ് കളിയെഴുത്ത് കഥയിൽ പറഞ്ഞിരിക്കുന്നത്. ഈ കളികൾ കേരളത്തിൽ അധ്യാപക പരിശീലനത്തിന്റെ ഭാഗമായി നടന്നതല്ലെന്ന്‌
ആക്ഷേപിച്ചാണ് ചിലര്‍ രംഗപ്രവേശം ചെയ്തത്. വിവാദത്തിനായി കാത്തിരിക്കുന്നവര്‍ അത് പിന്നെയും വിവാദമാക്കി. കേരളത്തിലെ പൊതുവിദ്യാഭ്യാസം തകർക്കാൻ ഉദ്ദേശിച്ചുള്ളതാണ് കഥ എന്ന് പലരും ആക്ഷേപമുന്നയിച്ചു. പക്ഷെ അങ്ങിനെ ഒരു കഥ വഴി തകരുന്നതാണോ പൊതുവിദ്യാഭ്യാസം എന്ന് വിവാദമുണ്ടാക്കിയവര്‍ ഓര്‍ത്തതുമില്ല – പ്രഭാകരന്‍ പറഞ്ഞു.