ന്യൂഡല്‍ഹി: ആശുപത്രി ഉദ്ഘാടനത്തിന് എത്താതിരുന്ന ഡോക്ടറോട് നക്സലാവാന്‍ ഉപദേശം നല്കി കേന്ദ്രമന്ത്രി. മഹാരാഷ്ട്രയുലെ ചന്ദ്രപുര്‍ ജില്ലയില്‍ ആശുപത്രി ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് കേന്ദ്രമന്ത്രി മുതിര്‍ന്ന ഡോക്ടറുടെ അസാന്നിധ്യത്തില്‍ ഈ ഉപദേശം നല്‍കിയത്.
ചന്ദ്രപൂരിലെ ആശുപത്രി ഉദ്ഘാടനം ചെയ്യാന്‍ തിങ്കളാഴ്ചയാണ് കേന്ദ്രമന്ത്രി ഹന്സ്രാജ് അഹിര്‍ എത്തിയത്. എന്നാല്‍, ഉദ്ഘാടന ദിവസം ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍ ചടങ്ങില്‍ പങ്കെടുത്തില്ല. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് ഡോക്ടര്‍ ലീവിലാണെന്ന് മന്ത്രി അറിയുന്നത്. തുടര്‍ന്ന് മന്ത്രി രോഷാകുലനാവുകയും താന്‍ ജനാധിപത്യ സംവിധാനത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട മന്ത്രിയാണെന്നും പറഞ്ഞു. താന്‍ പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന് മുതിര്‍ന്ന ഡോക്ടര്‍ അവധിയെടുത്ത് വിട്ടുനില്‍ക്കുന്നതിന്റെ കാര്യമെന്താണെന്നും അദ്ദേഹം ചോദിച്ചു.
ജനാധിപത്യത്തില്‍ വിശ്വാസമില്ലെങ്കില്‍ ഡോക്ടറോട് നക്സലാവാനും ആശുപത്രിയില്‍ തുടരുന്നത് എന്തിനാണെന്നും കേന്ദ്രമന്ത്രി ചോദിച്ചു. നക്സലായാല്, നിങ്ങളെ വെടിവെച്ചു കൊല്ലാന്‍ കഴിയുമല്ലോ. നക്സലുകള്‍ ജനാധിപത്യം ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര വകുപ്പ് സഹമന്ത്രിയായ ഹന്സ്രാജ് അഹിര്‍ ചന്ദ്രപൂരില്‍ നിന്നുള്ള എംപിയാണ്.