ഇന്ത്യന്‍ ടീമിന്റെ വീഡിയോ അനലിസ്റ്റിനെ മാറ്റി ബിസിസിഐ

0
57

ഡല്‍ഹി: ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇന്ത്യന്‍ ടീമിന്റെ വീഡിയോ അനലിസ്റ്റിനെ മാറ്റി ബിസിസിഐ. ആശിഷ് ടുള്‍ ആയിരുന്നു ഇന്ത്യന്‍ ടീമിന്റെ വീഡിയോ അനലിസ്റ്റ്. സികെഎം ധനഞ്ജയാണ് ബിസിസിഐ നിയമിച്ച പുതിയ വീഡിയോ അനലിസ്റ്റ്.

നിലവില്‍ സ്പോര്‍ട്സ് മെക്കാനിക്സ് എന്ന ടെക്നോളജി അനലിസിസ് കമ്പനിയുടെ വൈസ് പ്രസിഡന്റാണ് ധനഞ്ജയ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഡേറ്റ അനലിറ്റ്ക്സ് നല്‍കിയരുന്ന കമ്പനിയാണിത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഏകദിനത്തിലും ട്വന്റി-20യിലും ലോക കിരീടം നേടുന്ന സമയത്ത് ഇന്ത്യന്‍ ടീമിനൊപ്പവും ധനഞ്ജയ് ഉണ്ടായിരുന്നു.

ഇന്ത്യന്‍ ടീം മാനേജ്മെന്റിന് ടുള്ളിയിലുള്ള വിശ്വാസം നഷ്ടമായതാണ് ഇദ്ദേഹത്തെ തല്‍സ്ഥാനത്തുനിന്ന് നീക്കാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, ധനഞ്ജയ്യുടെ അനുഭവസമ്പത്തിനാണ് ടീം മാനേജ്മെന്റ് കൂടുതല്‍ വില കല്‍പ്പിച്ചതെന്നും സൂചനയുണ്ട്.

ജനുവരി അഞ്ചു മുതലാണ് ദക്ഷിണാഫ്രിയുമായുള്ള ഇന്ത്യയുടെ മത്സരങ്ങള്‍ ആരംഭിക്കുക. രണ്ട് മാസത്തോളം നീളുന്ന പര്യടനത്തില്‍ രണ്ട് ടെസ്റ്റുകളും ആറ് ഏകദിനങ്ങളും മൂന്ന് ട്വന്റ20 മത്സരങ്ങളുമാണ് ഇരു ടീമുകളും കളിക്കുക.