കുക്കിന് സെഞ്ച്വറി; ഇംഗ്ലണ്ട് തിരിച്ചടിക്കുന്നു

0
49


മെല്‍ബണ്‍: അലിസ്റ്റര്‍ കുക്കിന്റെ ഉജ്ജ്വല സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ട് തിരിച്ചടിക്കുന്നു. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ അവര്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുത്തിട്ടുണ്ട്. 104 റണ്‍സുമായി കുക്കും 49 റണ്‍സുമായി ജോ റൂട്ടുമാണ് ക്രീസില്‍. സ്റ്റോണ്‍മാന്‍(15), ജെയിംസ് വിന്‍സ്(17) എന്നിവരാണ് പുറത്തായത്.

നേരത്തെ ഓസ്‌ട്രേലിയ ഒന്നാമിന്നിങ്‌സില്‍ 327 റണ്‍സിന് പുറത്തായിരുന്നു. രണ്ടാം ദിനമായ ഇന്ന് മൂന്നിന് 244 റണ്‍സെന്ന നിലയില്‍ കളി പുന:രാരംഭിച്ച ഓസ്‌ട്രേലിയയ്ക്ക് 83 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ എഴ് വിക്കറ്റുകള്‍ നഷ്ടമായി. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് 76ഉം ഷോണ്‍ മാര്‍ഷ് 61ഉം റണ്‍സെടുത്തു. ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ഇന്നലെ 103 റണ്‍സെടുത്ത് പുറത്തായിരുന്നു.

ഇംഗ്ലണ്ടിനുവേണ്ടി സ്റ്റ്യുവര്‍ട്ട് ബ്രോഡ് നാലും ജെയിംസ് ആന്‍ഡേഴ്‌സണ്‍ മൂന്നും വിക്കറ്റ് വീഴ്ത്തി. ക്രിസ് വോക്‌സ് രണ്ടും കുറാന്‍ ഒന്നും വിക്കറ്റ് നേടി.

പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റും ജയിച്ച ഓസ്‌ട്രേലിയ ആഷസ് നേടിയിരുന്നു.