വിവാദങ്ങള്‍ക്ക് വഴിയൊരുക്കി വിമാനം

0
55

ക്രിസ്മസ് ദിനത്തില്‍ ‘വിമാനം’ സിനിമ സൗജന്യമായി പ്രദര്‍ശിപ്പിച്ചതില്‍ വിമര്‍ശനങ്ങളുമായി മലയാള സിനിമാ ലോകം. വിമാനം സിനിമ ക്രിസ്മസ് ദിനത്തിലെ നൂണ്‍, മാറ്റിനി ഷോകള്‍ സൗജന്യ പ്രദര്‍ശനം നടത്തിയിരുന്നു. പൃഥ്വിരാജിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് സൗജന്യപ്രദര്‍ശനത്തിനെപ്പറ്റിയുള്ള വിവരങ്ങള്‍ വിമാനം സിനിമാ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. അന്നേ ദിവസം തന്നെ പ്രദര്‍ശിപ്പിച്ച ഫസ്റ്റ് , സെക്കന്റ് ഷോകളിലെ വരുമാനം സിനിമയ്ക്ക് പ്രചോദനമായ ജീവിതകഥയിലെ നായകന്‍ സജി തോമസിനുമാണ് നല്‍കിയത്. എന്നാല്‍ ഇത്തരത്തിലുള്ള സൗജന്യ പ്രദര്‍ശനം സിനിമാ മേഖലയെ പിന്നോട്ടടിക്കുമെന്നാണ് ചിലരുടെ അഭിപ്രായം.

‘മലയാള സിനിമയില്‍ ആദ്യമായാണ് ഇത്തരത്തിലൊരു നീക്കം. ഇങ്ങനെ സിനിമാ കാണിക്കാന്‍ തുടങ്ങിയാല്‍ അത് മറ്റ് നിര്‍മാതാക്കളേയും വ്യവസായത്തെ മൊത്തത്തിലും ബാധിക്കും – നിര്‍മാതാവ് ലിബര്‍ട്ടി ബഷീര്‍ അഭിപ്രായപ്പെടുന്നു.

സിനിമയുടെ മൂല്യത്തെത്തന്നെ മോശകരമായി ബാധിക്കുന്ന തീരുമാനമാണിതെന്നാണ് ബൈജു കൊട്ടാരക്കര പറയുന്നത്. ഈ പ്രവണത സിനിമയെ തകര്‍ക്കുമെന്ന് സംവിധായകന്‍ വിനോദ് മങ്കരയും പണമുള്ള നിര്‍മാതാക്കള്‍ക്ക് മാത്രമേ ഇത് സാധിക്കൂ എന്ന് നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയും അഭിപ്രായപ്പെട്ടു.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മിച്ചത്. പൃഥ്വിരാജ് നായകനായി പ്രദീപ് എം നായര്‍ സംവിധാനം ചെയ്ത ചിത്രം ശരാശരി അഭിപ്രായം നേടിയാണ് മുന്നേറുന്നത്. ആട് 2, മായാനദി, തമിഴില്‍നിന്ന് വേലൈക്കാരന്‍ എന്നീ ചിത്രങ്ങളോടാണ് വിമാനം മത്സരിക്കുന്നത്.