‘എനിക്ക് പണവും പ്രശസ്തിയുമുള്ള ഒരു നടനാകണം’:മാധവന്‍

0
75

ഉറങ്ങുമ്പോള്‍ കാണുന്നതല്ല, നിങ്ങളെ ഉറങ്ങാന്‍ അനുവദിക്കാത്തതെന്താണോ അതാണ് സ്വപ്‌നം. മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍കലാമിന്റെ വാക്കുകളെ അന്വര്‍ത്ഥമാക്കുന്നതാണ് 28 വര്‍ഷം മുമ്പ് മാധവന്‍ ഇയര്‍ബുക്കില്‍ കുറിച്ച വാക്കുകള്‍. കാനഡയില്‍ നിന്ന് ബിരുദം നേടിയ മാധവന്‍ ‘എനിക്ക് പണവും പ്രശസ്തിയുമുള്ള ഒരു നടനാകണം. എല്ലാത്തിലും ഒരു കൈ നോക്കണം ചിലതില്‍ വിദഗ്ദനാകണം.’ എന്നാണ് കുറിച്ചത്.

ആ സ്വപ്‌നം തന്നെയാണ് മാധവനെ ഇന്നത്തെ നിലിയില്‍ എത്തിച്ചതും. തന്റെ സ്വപ്‌നങ്ങളെ വേട്ടയാടിപ്പിടിച്ച മാധവന്‍ തമിഴകത്ത് മാത്രമല്ല ബോളിവുഡിലും അറിയപ്പെടുന്ന നടനായി മാറി. സിനിമയിലേക്കുള്ള മാധവന്റെ യാത്ര എളുപ്പമുള്ളതായിരുന്നില്ല. കാനഡയിലെ പഠനത്തിന് ശേഷം മാധവന്‍ ഇലക്ട്രോണിക്സില്‍ ബിരുദമെടുത്തു. പഠനേതര പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിച്ച മാധവന്‍ മഹാരാഷ്ട്രയിലെ മികച്ച എന്‍.സി.സി കാഡറ്റുകളില്‍ ഒരാളായിരുന്നു.

2000 ല്‍ മണിരത്നം സംവിധാനം ചെയ്ത അലൈപ്പായുതേയാണ് മാധവന്റെ ജീവിതത്തില്‍ വഴിത്തിരിവാകുന്നത്. മിന്നലേ, കന്നത്തില്‍ മുത്തമിട്ടാല്‍, റണ്‍, അന്‍പേ ശിവം, രംഗ് ദേ ബസന്തി, ആയുത എഴുത്തു, ത്രീ ഇഡിയറ്റ്സ്, വേട്ടൈ, തനു വെഡ്സ് മനു, ഇരുധി സുട്രു, വിക്രം വേദ തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. ആരാധക ഹൃദയം കീഴടക്കിയ മാധവന് അവര്‍ നല്‍കിയ പേര് മാഡി എന്നാണ്.

ട്വിറ്റര്‍ പേജിലൂടെയാണ് 28 വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ എഴുതിയ ഇയര്‍ബുക്കിലെ വരികള്‍ മാധവന്‍ ആരാധകര്‍ക്കായി പങ്കുവച്ചത്. മാധവന്‍ പറഞ്ഞത് സത്യമാണെന്ന് പറഞ്ഞ് സൂര്യയും ട്വീറ്റ് ചെയ്തിട്ടുണ്ട്.