ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ ജയിലില്‍ കഴിയുന്ന കുല്ഭൂഷന് യാദവിനെ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തെ പാക്കിസ്ഥാന് അപമാനിച്ചെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. പാക്കിസ്ഥാനിലെത്തിയ കുടുംബത്തെ അവര്‍ ഭയപ്പെടുത്തി.
കുല്ഭൂഷന് യാദവിന്റെ ഭാര്യ ചേതന്കുലിന്റെ ചെരുപ്പില്‍ ക്യാമറയോ ചിപ്പോ ഉണ്ടായിരുന്നുവെന്നു പാക്കിസ്ഥാന് പറയുന്നതു പച്ചക്കള്ളമാണ്. ജയിലില്‍ കഴിയുന്ന കുല്‍ഭൂഷന്റെ നില മോശമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന് പാക്കിസ്ഥാനില്‍വച്ച് ഏല്‍ക്കേണ്ടിവന്ന അപമാനത്തില്‍ രാജ്യവും പാര്‍ലമെന്റും ഒരേ സ്വരത്തില്‍ പ്രതിഷേധിക്കുന്നുവെന്നും മന്ത്രി രാജ്യസഭയില്‍ പറഞ്ഞു.
സംഭവത്തില്‍ പാക്കിസ്ഥാനെ പ്രതിഷേധം അറിയിച്ചുവെന്ന് വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് രാജ്യസഭയില്‍ പറഞ്ഞു. കൂടിക്കാഴ്ച സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണകളെ പാക്കിസ്ഥാന് ലംഘിച്ചെന്നും സഭ ഒറ്റക്കെട്ടായി പാക്കിസ്ഥാന് നടപടിയെ അപലപിക്കണമെന്നും സുഷമ സ്വരാജ് പറഞ്ഞു. കുല്ഭൂഷണ് ജാദവിന്റെ ഭാര്യയെയും അമ്മയെയും പാക്കിസ്ഥാന് അപമാനിച്ച സംഭവം വിവാദമായതിനെ തുടര്‍ന്നാണ് മന്ത്രി വിശദീകരണം നല്‍കിയത്.
ഒരമ്മയും മകനും തമ്മിലുള്ള, ഒരു ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള കൂടിക്കാഴ്ചയെ പാക്കിസ്ഥാന് പ്രചരണായുധമാക്കി മാറ്റിയെന്ന് മന്ത്രി കുറ്റപ്പെടുത്തി. കുല്‍ഭൂഷണിന്റെ ഭാര്യയുടെ മാത്രമല്ല, അമ്മയുടെ താലിമാലയും ആഭരണങ്ങളും അഴിച്ച് വാങ്ങി. ഭാര്യ നിരന്തരം ആവശ്യപ്പെട്ടിട്ടും അവരുടെ ഷൂസ് തിരികെ നല്കാന് പാക്കിസ്ഥാന് തയ്യാറായില്ല. മന്ത്രി കുറ്റപ്പെടുത്തി.
അമ്മയെ മാതൃഭാഷയായ മറാത്തിയില്‍ സംസാരിക്കാന്‍ അവര്‍ അനുവദിച്ചില്ല. മാതൃഭാഷയില്‍ സംസാരിച്ചപ്പോഴൊക്കെ അവിടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ തുടര്‍ച്ചയായി അവരെ വിലക്കി. വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ ഇന്റര്‍കോം സ്വിച്ച് ഓഫ് ചെയ്തു. അമ്മ സാരി മാത്രമാണ് ധരിച്ചിരുന്നത്. എന്നാല്‍ അത് മാറ്റി സല്‍വാറും കുര്‍ത്തയും ധരിപ്പിച്ചു. ഭാര്യയുടെയും അമ്മയുടെയും ആഭരണങ്ങളും താലിമാലയും എല്ലാം അഴിച്ചുവാങ്ങി.വിവാഹിതരായ രണ്ട് സ്ത്രീകളെയും രൂപത്തില്‍ വിധവകളെപ്പോലെയാക്കി മാറ്റി. മന്ത്രി ആഞ്ഞടിച്ചു.
കൂടിക്കാഴ്ചയില്‍ മാധ്യമങ്ങളെ പങ്കെടുപ്പിക്കരുതെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണെന്നും എന്നാല്‍ പാകിസ്താന് അത്തരം ധാരണകളെ ലംഘിച്ചുകൊണ്ട് മാധ്യമങ്ങളെ അവിടെ എത്തിക്കുകയായിരുന്നുവെന്നും കുടുംബത്തോട് പ്രകോപനപരമായ ചോദ്യങ്ങള്‍ ഉന്നയിക്കുകയായിരുന്നുവെന്നും സുഷമ സ്വരാജ് പറഞ്ഞു.
കുല്‍ഭൂഷണിന്റെ കുടുംബത്തിന് നേരിടേണ്ടിവന്നത് കടുത്ത അപമാനമാണെന്നും സുഷമ സ്വരാജ് പറഞ്ഞു. കുല്‍ഭൂഷണിന്റെ ഭാര്യയുടെ ചെരിപ്പിനുള്ളില്‍ ചിപ്പുണ്ടെന്ന പാകിസ്താന്റെ ആരോപണം അടിസ്ഥാനരഹിതമാണ്. മനുഷ്യത്വപരമായ നിലപാടാണ് കൈകൊണ്ടതെന്ന് വാദിക്കുമ്പോഴും പാക്കിസ്ഥാന് ഈ കുടുംബത്തിന്റെ മനുഷ്യാവകാശങ്ങളെ കൂടിയാണ് ലംഘിച്ചതെന്നും സുഷമ സ്വരാജ് കുറ്റപ്പെടുത്തി.
പാക്കിസ്ഥാന് അപമാനിച്ചത് ഇന്ത്യയിലെ സ്ത്രീകളെയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഡി രാജ, ഗുലാം നബി ആസാദ്, നരേഷ് ഗോയല്‍ അടക്കമുള്ള എല്ലാ നേതാക്കളും സുഷമ സ്വരാജിന്റെ പ്രസ്താവനയെ പിന്തുണച്ചുകൊണ്ടാണ് സഭയില്‍ സംസാരിച്ചത്. പാക്കിസ്ഥാന് നടപടി അത്യന്തം ഹീനവും അപലപനീയമാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
അതേസമയം കുല്ഭൂഷണ് യാദവിന്റെയും അമ്മയുടെയും സംഭാഷണങ്ങള്‍ പാക്കിസ്ഥാന് മാധ്യമങ്ങള്‍ പുറത്തുവിട്ടു. കുല്‍ഭൂഷണിന്റെ കുടുംബത്തെ പാക്കിസ്ഥാന് അപമാനിച്ചെന്ന് ഇന്ത്യന്‍ പാര്‍ലമെന്റ് ഒറ്റക്കെട്ടായി ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് സംഭാഷണങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
മരണത്തെ ഭയപ്പെടുന്നില്ലെന്ന് കുല്ഭൂഷണ് പറയുന്നത് പുറത്തുവന്ന ഓഡിയോയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. താന്‍ നാവിക ഉദ്യോഗസ്ഥനാണെന്നും നുണ പറയാന്‍ പരിശീലിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. സംഭാഷണങ്ങള്‍ പുറത്തുവിട്ട് തങ്ങള്‍ക്കെതിരായ ഇന്ത്യന്‍ പ്രതിരോധത്തിന്റെ ശക്തി കുറയ്ക്കാനാണ് പാക്കിസ്ഥാന്റെ ശ്രമമെന്നാണ് വിലയിരുത്തല്‍.