ഖത്തർ വികസന ഫണ്ടിന്റെ പദ്ധതികള്‍ക്ക് പൊതുമരാമത്ത് വകുപ്പിന്റെ പിന്തുണ

0
39

ദോഹ: വിദേശ രാജ്യങ്ങളില്‍ ഖത്തർ ഫണ്ട് ഫോര്‍ ഡവലപ്‌മെന്റ് നടപ്പിലാക്കുന്ന വിവിധ അടിസ്ഥാന സൗകര്യ, പുനരധിവാസ പദ്ധതികളുടെ സാങ്കേതിക മേല്‍നോട്ടവും സഹായവും പൊതുമരാമത്ത് വകുപ്പ് (അശ്ഗാല്‍) നല്‍കും. ഇരു വിഭാഗങ്ങളും ഇതു സംബന്ധിച്ചുള്ള ധാരണാപത്രത്തില്‍ ഒപ്പു വെച്ചു.ലോകത്താകമാനമുള്ള രാജ്യങ്ങളില്‍ വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തിക വികസനം തുടങ്ങി നിരവധി മേഖലകളിലായി ഖത്തർ ഫണ്ട് ഫോര്‍ ഡവലപ്‌മെന്റിന്റെ പിന്തുണയുണ്ട്.
വിദേശ രാജ്യങ്ങളില്‍ ഖത്തർ ഫണ്ട് നടത്തുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ഉന്നത ഗുണമേന്മയിലും കൂടുതല്‍ കാര്യക്ഷമതയിലും പൂര്‍ത്തിയാക്കുന്നതിനുള്ള സാങ്കേതിക വൈദഗ്ധ്യം അശ്ഗാല്‍ നല്‍കും. ഖത്തർ ഫണ്ടിന്റെ സഹായത്തോടെ വിദേശ രാജ്യങ്ങളില്‍ നടപ്പാക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് എല്ലാ സഹായവും ഉറപ്പാക്കുമെന്ന് അശ്ഗാല്‍ പ്രസിഡന്റ് സാദ് ബിന്‍ അഹമ്മദ് അല്‍ മുഹന്നദി വ്യക്തമാക്കി.

സൊമാലിയയിലെ 90 കിലോമീറ്റര്‍ നീളുന്ന മൊഗാദിഷു-ജവഹര്‍ റോഡും മുപ്പത് കിലോമീറ്റര്‍ നീളുന്ന മൊഗാദിഷു-അഫ്‌ഗോയെ റോഡിന്റെയും നിര്‍മാണത്തില്‍ അശ്ഗാല്‍ സാങ്കേതിക സഹായം നല്‍കുമെന്ന് ഖത്തർ ഫണ്ട് ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. ഭാവിയില്‍ മേഖല, അന്താരാഷ്ട്ര തലത്തില്‍ വികസന പദ്ധതികളില്‍ രാജ്യത്തിന്റെ സാന്നിധ്യം ശക്തമാക്കാന്‍ അശാഗാലുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉന്നത നിലവാരത്തില്‍ ഉഭയകക്ഷി കരാറുകളിലൂടെ ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ ഖത്തര്‍ ഫണ്ട് പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.