ചാരക്കേസ് കരുണാകരനെതിരെ തിരിച്ചത് എ ഗ്രൂപ്പ്, ഗുണഭോക്താവ് എ.കെ.ആന്റണിയും: ജേക്കബ് ജോര്‍ജ്

0
132

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: ഐജിയായിരുന്ന രമണ്‍ ശ്രീവാസ്തവയുടെ പേര് വന്നതോടെ ഐഎസ് ആര്‍ ഒ ചാരക്കേസ് അന്നത്തെ മുഖ്യമന്ത്രി കരുണാകരനെതിരെ  തിരിയുകയായിരുന്നുവെന്ന്‌ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ജേക്കബ് ജോര്‍ജ് 24 കേരളയോട് പറഞ്ഞു.

ചാരക്കേസ് അവാസ്തവമാണെന്ന് ആദ്യം ഇന്ത്യാ ടുഡേയില്‍ റിപ്പോര്‍ട്ട് ചെയ്ത ജേക്കബ് ജോര്‍ജ് ചാരക്കേസ് കേരളത്തെ പിടിച്ചുലച്ച ആ ദിനങ്ങള്‍ ഓര്‍ത്തെടുക്കുകയായിരുന്നു. കരുണാകരന്‍ തന്റെ വിശ്വസ്തനായ രമണ്‍ ശ്രീവാസ്തവയെ സംരക്ഷിക്കുന്നു എന്ന് ആരോപണം മുറുകി. അതോടെ ആരോപണങ്ങള്‍ക്ക് രാഷ്ട്രീയമാനം കൈവന്നു.

ഐഎസ്ആര്‍ ഒ കേസില്‍ പൊലീസില്‍ തന്നെ രണ്ടു ചേരി രൂപം കൊണ്ടിരുന്നു. എ- ഐ പോര് മൂര്‍ച്ഛിച്ചു നില്‍ക്കുന്ന സമയത്താണ് ചാരക്കേസ് ഉയര്‍ന്നു വന്നത്. ആന്റണി ഗ്രൂപ്പ് ചാരക്കേസ് വളരെ വിദഗ്ധമായി കരുണാകരനെതിരെ തിരിച്ചുവെച്ചു.

താന്‍ വളരെ പരിശുദ്ധന്‍, കരുണാകരന്‍ അങ്ങേയറ്റം മോശക്കാരന്‍ എന്ന രീതിയാണ് ആന്റണി അനുവര്‍ത്തിച്ചത്. ഇത് കരുണാകരന് ദോഷം ചെയ്തു. എല്ലാവരും ചാരക്കേസില്‍ എന്തോ ഉണ്ടെന്നു വിശ്വസിച്ചു പോയിരുന്നു. കോണ്‍ഗ്രസില്‍ ചാരക്കേസിന്റെ ഗുണഭോക്താവ് ആന്റണിയായിരുന്നു.

ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിലെ ഘടകകക്ഷികളെ ഒരുമിച്ച് നിര്‍ത്തി. കരുണാകരന് ഒപ്പം നിന്ന ഏഴ്‌ എംഎല്‍എമാരെ ആന്റണി പക്ഷം വശത്താക്കി. പി.വി.നരസിംഹറാവുവിനു പോലും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. എല്ലാം കരുണാകരന്റെ പതനം അനിവാര്യമാക്കി – ജേക്കബ് ജോര്‍ജ് പറയുന്നു.

ഐബിയെ കേരളാ പൊലീസ് അനുസരിക്കാന്‍ തുടങ്ങിയതോടെ കേരളത്തിലെ ഐഎസ്ആര്‍ഒ ചാരക്കേസിന് ഉത്ഭവമായി. ഐബിയെ കേരളാ പൊലീസ് അനുസരിക്കേണ്ട ആവശ്യം തന്നെയില്ല. അന്ന് ഐബിയുടെ നിര്‍ദ്ദേശങ്ങള്‍ ശിരസാ വഹിക്കുന്ന സമീപനമാണ് കേരളാ പൊലീസ് കൈക്കൊണ്ടത്.

സത്യസന്ധമായി കേസ് നേരിട്ട് അന്വേഷിക്കാന്‍ കേരളാ പൊലീസ് തയ്യാറായതേയില്ല. അതുകൊണ്ട് തന്നെ അന്ന് ചാരക്കേസ് വിവാദങ്ങള്‍ കേരളത്തെ പിടിച്ചുലച്ച് തുടങ്ങിയിരുന്നു. അന്നേ ചാരക്കേസ് കളവാണെന്ന് സൂചനയുണ്ടായിരുന്നു. കാരണം പൊലീസ് നേരിട്ട് ഒരു വിവരവും കൈമാറിയിരുന്നില്ല.

ഇടയ്ക്ക് നില്‍ക്കുന്ന ഉദ്യോഗസ്ഥരാണ് വിവരങ്ങള്‍ കൈമാറിയത്. കേസ് അന്വേഷിച്ച സിബി മാത്യുവും ഒരു വിവരവും കൈമാറിയില്ല. കൈമാറാന്‍ വിവരങ്ങള്‍ ഉണ്ടായിരുന്നില്ല. ചാരക്കേസ് പൊലീസ് അന്വേഷിക്കുന്നതിലും പാടുപെട്ടാണ് ചാരക്കേസിലെ വിവരങ്ങള്‍ തേടി അന്വേഷണത്തിനു ഇറങ്ങിയത്.

കൊച്ചിയിലെ സിബിഐ ഉദ്യോഗസ്ഥരെയാണ് ചാരക്കേസിലെ വാസ്തവത്തെക്കുറിച്ച് അറിയാന്‍ സമീപിച്ചത്. കേരളത്തില്‍ അപ്പോള്‍ ചാരക്കേസിനെക്കുറിച്ച് നിറം പിടിപ്പിച്ച കഥകള്‍ പ്രചരിക്കുകയായിരുന്നു. മദിരാശിയിലെ ഒരു കോണ്‍സ്റ്റബിളിനെക്കൊണ്ട് അന്വേഷിപ്പിച്ചിരുന്നെങ്കില്‍ കേരളാ ഐജി അന്ന് മദ്രാസ് ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ മുറിയെടുത്തിട്ടില്ല എന്ന് വ്യക്തമാവുമായിരുന്നു. അതിനു കേരളാ പൊലീസ് മിനക്കെട്ടതേയില്ല.

പക്ഷെ സിബിഐ അന്വേഷണം വേറെ രീതിയിലാണ്. ഓരോ ആരോപണത്തെക്കുറിച്ചും അവര്‍ അന്വേഷിച്ചു കൊണ്ടിരുന്നു. എല്ലാം അവാസ്തവമാണെന്ന് സിബിഐക്ക് ബോധ്യമായി തുടങ്ങിയിരുന്നു. അന്നത്തെ ഐജി രമണ്‍ ശ്രീവാസ്തവ ചെന്നെയില്‍ ഹോട്ടലില്‍ മറിയം റഷീദയെ കണ്ടു എന്ന് ആരോപണം ഉയര്‍ന്നു.

ചെന്നൈയിലെ മദ്രാസ് ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ സിബിഐ അന്വേഷിച്ചു. അവിടെവച്ചാണ് ഡോളറുകള്‍ കൈമാറിയത് എന്നായിരുന്നു പൊലീസിന്‍റെ കണ്ടെത്തല്‍. മൂന്നു രമണ്‍ ശ്രീവാസ്തവമാരുണ്ടായിരുന്നു. മൂന്നു പേരെക്കുറിച്ചും സിബിഐ അന്വേഷിച്ചു. ജനുവരി 26 നായിരുന്നു അത്. ജനുവരി 26ന്‌ രമണ്‍ ശ്രീവാസ്തവ ഐജി എന്ന നിലയില്‍ തിരുവനന്തപുരത്തുണ്ട്.

മാലിയില്‍ ഹബീബ് ബാങ്ക് എന്നൊരു ബാങ്ക് ഉണ്ട്. അവിടുത്തെ ഹുമയുദ്ദീന്‍ എന്നൊരു ഉദ്യോഗസ്ഥന്‍ വഴിയാണ് പണം കൈമാറ്റം നടത്തിയത് എന്ന് ആരോപണം വന്നു. പക്ഷെ ആ ബാങ്കില്‍ അങ്ങിനെ ഒരു ഉദ്യോഗസ്ഥനേയുണ്ടായിരുന്നില്ല. സിബിഐ അവിടെപ്പോയി അന്വേഷിച്ചിരുന്നു.

ഇങ്ങിനെ ഓരോ കാരണങ്ങളും അന്വേഷിച്ച് പോയപ്പോള്‍ ഒന്നും തന്നെ കണ്ടുപിടിക്കാന്‍ ഉണ്ടായിരുന്നില്ല. അന്നത്തെ ഐജിയായിരുന്ന രമണ്‍ ശ്രീവാസ്തവയുടെ പേര് വന്നപ്പോള്‍ താഴെയുള്ള ഉദ്യോഗസ്ഥനായ സിബി മാത്യു കേസ് സിബിഐക്ക് വിടാന്‍ ഡിജിപിയോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ്‌ സിബിഐ അന്വേഷണം വന്നത്. ആ ഘട്ടത്തില്‍ തൃശൂര്‍ വിയ്യൂര്‍ ജയിലില്‍ കോടതി അനുമതിയോടെ വിവാദ വനിത മറിയം റഷീദയെ കണ്ടിരുന്നു.

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ പോയാണ് കണ്ടത്. മറിയം റഷീദയ്ക്ക് കടുത്ത മര്‍ദ്ദനം പൊലീസ് കസ്റ്റഡിയില്‍ നേരിട്ടിരുന്നു. കാല്‍മുട്ടുകള്‍ കസേര വെച്ച് അടിച്ച് ചതച്ചിരുന്നു. ക്രൂരമര്‍ദ്ദനം കസ്റ്റഡിയില്‍ ഏല്‍ക്കേണ്ടി വന്നു. നില്‍ക്കാനും ഇരിക്കാനും കഴിയാത്ത അവസ്ഥയായിരുന്നു. ആ അഭിമുഖം ഇന്ത്യാ ടുഡേയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. അഭിമുഖത്തിനെതിരെ പിന്നീട് പൊലീസ് കേസ് ഫയല്‍ ചെയ്തിരുന്നു.   സ്മാര്‍ട്ട് വിജയന്‍ എന്ന പൊലീസ് ഓഫീസര്‍ ആണ് മറിയം റഷീദയെ കുരുക്കിയത്. അത് പിന്നെ ഐഎസ് ആര്‍ ഒ ബന്ധത്തിലേക്ക് എത്തുകയായിരുന്നു – ജേക്കബ് ജോര്‍ജ് പറയുന്നു.