ന്യൂഡല്‍ഹി: ഭീകരരെ റിക്രൂട്ട് ചെയ്ത കേസില്‍ അറസ്റ്റിലായ തൊടുപുഴ സ്വദേശി സുബഹാനി ഹാജയുടെ മൊഴിയുടെ വിശദാംശങ്ങളുമായി ദേശീയ അന്വേഷണ ഏജന്‍സി വീണ്ടും ഫ്രാന്‍സിലേക്കു പോകും. പാരിസ് ആക്രമണക്കേസ് പ്രതികളെ ചോദ്യം ചെയ്യും. സുബഹാനിക്ക് പാരിസ് ആക്രമണക്കേസ് പ്രതികളെ അറിയാമെന്നു കണ്ടെത്തിയിരുന്നു. അതോടൊപ്പം, ഫ്രഞ്ച് സംഘം ഇന്ത്യയിലെത്തി സുബ്ഹാനിയെയും ചോദ്യം ചെയ്യും. ഇതിനു കോടതിയുടെ അനുമതി തേടാന്‍ നടപടി തുടങ്ങി. 2015ലെ പാരിസ് ആക്രമണക്കേസിലെ അന്വേഷണത്തോടു സഹകരിക്കാനുള്ള ഫ്രഞ്ച് അന്വേഷണ ഏജന്‍സിയുടെ ക്ഷണം സ്വീകരിച്ച് എന്‍ഐഎയുടെ മലയാളി എസ.്പി എ.പി. ഷൗക്കത്തലി അടങ്ങുന്ന സംഘം ഏപ്രിലില്‍ പാരിസിലെത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം അവസാനം ഫ്രഞ്ച് അന്വേഷണ സംഘം ന്യൂഡല്‍ഹിയിലെത്തി എന്‍ഐഎ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനുശേഷം സുബഹാനി ഹാജ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് പാരിസ് ആക്രമണക്കേസില്‍ സംയുക്ത അന്വേഷണത്തിനായി എന്‍ഐഎ ഉദ്യോഗസ്ഥരെ ക്ഷണിച്ചത്.
കണ്ണൂരിലെ കനകമലയില്‍ രഹസ്യയോഗം നടത്താന്‍ ഒത്തുചേര്‍ന്ന സംഘത്തിലുണ്ടായിരുന്ന സുബഹാനിയെ എന്‍ഐഎ അറസ്റ്റു ചെയ്തതോടെയാണ് ഇവരുടെ സംഘത്തിന്റെ വിദേശ ബന്ധങ്ങളെക്കുറിച്ച് വിവരം ലഭിച്ചത്. സുബഹാനിക്കു പാരിസ് ഭീകരാക്രമണത്തിന്റെ പ്രധാന വിവരങ്ങള്‍ അറിയാമെന്ന് എന്‍ഐഎ ഫ്രഞ്ച് അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. ചോദ്യം ചെയ്യലില്‍ പാരിസ് ഭീകരാക്രമണത്തിലെ പ്രതികളെ സുബഹാനി തിരിച്ചറിഞ്ഞിരുന്നു.
ഇറാഖിലെത്തിയ സുബഹാനിക്ക് ഐഎസ് ക്യാംപില്‍ പരിശീലനം ലഭിച്ചതു പാരിസ് ആക്രമണത്തില്‍ പങ്കെടുത്ത ഭീകരര്‍ക്കൊപ്പമായിരുന്നു. 2015 നവംബറിലാണു 150 പേര് കൊല്ലപ്പെട്ട ഭീകരാക്രമണം പാരിസിലുണ്ടായത്. തിയേറ്ററില്‍ നൂറിലേറെപ്പേരെ കൊലപ്പെടുത്തിയ വെടിവയ്പിനു നേതൃത്വം നല്കിയ അബ്ദുല്‍ ഹമീദ് അബൗദിനെ നേരിട്ടറിയാമെന്നു സുബഹാനി സമ്മതിച്ചിരുന്നു. സുബഹാനി പങ്കെടുത്ത ആയുധ പരിശീലന ക്യാംപിന്റെ യൂണിറ്റ് കമാന്‍ഡര്‍ ഫ്രഞ്ച് പൗരനായിരുന്നെന്നും മൊഴിയിലുണ്ട്.
രാജ്യാന്തര ഭീകര സംഘടനയുടെ ഭാഗമാവാന്‍ സുബഹാനി ചെന്നൈയില്‍നിന്നു തുര്‍ക്കിയിലെ ഇസ്താംബൂളിലാണ് ആദ്യം എത്തിയത്. പിന്നീടു പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന് സ്വദേശികളായ ഭീകരര്‍ക്കൊപ്പം ഇറാഖിലേക്കു പോയി. ഈ സമയത്താണു സുബഹാനി ഭീകരരായ അബ്ദുല്‍ ഹമീദ് അബൗദ്, സലാഹ് അബ്ദുസലാം എന്നിവരെ സന്ദര്‍ശിച്ചത്. ഹമീദ് അബൗദ് പാരിസിലെ തിയേറ്ററില്‍ സുരക്ഷാസേനയുടെ വെടിവയ്പില്‍ കൊല്ലപ്പെട്ടു. അബ്ദുസലാം ഇപ്പോള്‍ ഫ്രഞ്ച് പൊലീസ് കസ്റ്റഡിയിലാണ്.