മനാമ: വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരുടെ ആഗോള സംഘടനയായ ‘ഗ്ലോബൽ ഒാർഗനൈസേഷൻ ഒാഫ് പീപ്പ്ൾ ഒാഫ് ഇന്ത്യൻ ഒറിജിൻസ്’ (ഗോപിയോ) അന്താരാഷ്ട്ര കൺവെൻഷൻ ജനുവരി ആറ്, ഏഴ്, എട്ട് തിയതികളിൽ ബഹ്റൈനിലെ ഗൾഫ് ഹോട്ടലിൽ’ നടക്കും. ഇതിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ശശി തരൂർ എം.പി, ഡോ. സാം പിട്രോഡ, ബി.ജെ.പി നേതാവ് രാജ് പുരോഹിത്, പ്രമുഖ മാധ്യമ പ്രവർത്തകർ, വ്യവസായികൾ തുടങ്ങിയവർ സംബന്ധിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം രാഹുൽ പെങ്കടുക്കുന്ന ആദ്യ വിദേശ പരിപാടിയെന്ന പ്രത്യേകത ഇതിനുണ്ട് .ഇന്ത്യൻ പ്രവാസികളുടെ പുനരധിവാസം, ഇന്ത്യൻ പ്രവാസി സമൂഹം നേരിടുന്ന വെല്ലുവിളികൾ, ഇന്ത്യൻ ആരോഗ്യരംഗത്തിെൻറ സാധ്യതകൾ തുടങ്ങിയ വിവിധ വിഷയങ്ങളിലാണ് പ്രഭാഷണങ്ങളും ചർച്ചകളും നടക്കുന്നത് .കൺവെൻഷനിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 200ഒാളം പ്രതിനിധികൾ സംബന്ധിക്കും.