ന്യൂഡൽഹി: മുത്തലാഖ് നിരോധിക്കാനുള്ള ബില്‍ ഇന്നു പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ഒറ്റയടിക്കുള്ള മുത്തലാഖ് (തലാഖ്-ഇ-ബിദ്ദത്ത്) ക്രിമിനല്‍ കുറ്റമാക്കുന്നതും മുത്തലാഖ് ചൊല്ലുന്നവര്‍ക്ക് മൂന്നുവര്‍ഷത്തെ തടവ് ശിക്ഷ ശുപാര്‍ശ ചെയ്യുന്നതുമായ ബില്ലാണു കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് അവതരിപ്പിക്കുക.
ബില്‍ നടപ്പുസമ്മേളനത്തില്‍ പാസാക്കാന്‍ സാധ്യതയില്ല. കൂടുതല്‍ ചര്‍ച്ചകള്‍ക്കും പരിശോധനയ്ക്കുമായി അത് പാര്‍ലമെന്ററി സമിതിയുടെ പരിഗണനയ്ക്ക് വിടും. മുത്തലാഖിന് ഇരയായ സ്ത്രീയ്ക്ക് ജീവനാംശത്തിനും ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
മുസ്ലിം വനിതാ വിവാഹ അവകാശ സംരക്ഷണ ബില്‍ എന്ന പേരിലാണു പാര്‍ലമെന്റില്‍ അവതരിപ്പിക്കുക. മൂന്നു തലാഖും ഒറ്റയടിക്കു ചൊല്ലി വിവാഹമോചനം നേടുന്ന രീതിയാണു മുത്തലാഖ്. മുത്തലാഖ് ചൊല്ലുന്ന പുരുഷനു മൂന്നു വര്‍ഷം വരെ തടവും പിഴയും ഉറപ്പാക്കുന്ന ശിക്ഷയാണു ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. മുത്തലാഖിനു വിധേയയാകുന്ന ഭാര്യയ്ക്കു ഭര്‍ത്താവിനെതിരെ പൊലീസിനെ സമീപിക്കുകയോ നിയമസഹായം തേടുകയോ ചെയ്യാം. പ്രായപൂര്‍ത്തിയാകാത്ത മക്കളെ തനിക്കൊപ്പം വിടണമെന്നു ഭാര്യയ്ക്കു കോടതിയോട് ആവശ്യപ്പെടാം.
എന്നാല്‍ വേണ്ടത്ര ചര്‍ച്ച നടത്താതെയാണു കരടു തയാറാക്കിയതെന്നു പ്രതിപക്ഷം ആരോപിക്കുന്നു. കരടുബില്‍ തയ്യാറാക്കുന്നതിനുമുമ്പ് സര്‍ക്കാര്‍ ആരുമായും കൂടിയാലോചന നടത്തിയിട്ടുമില്ല. അതേസമയം, മുത്തലാഖിനെ ഈ പാര്‍ട്ടികളൊന്നും ന്യായീകരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ബില്‍ പാര്‍ലമെന്റിന്റെ സംയുക്തസമിതിക്കു വിടണമെന്നു പ്രതിപക്ഷം ആവശ്യപ്പെടും. മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് ബില്ലിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
ലഖ്നൗ ആസ്ഥാനമായ ‘ഓള് ഇന്ത്യ മുസ്ലിം വനിതാ പേഴ്സണല്‍ ലോ ബോര്‍ഡ്’ മുത്തലാഖ് ബില്ലിനെ സ്വാഗതം ചെയ്തു. ബില്‍ എത്രയും വേഗം പാസാക്കണമെന്ന് സംഘടനയുടെ പ്രസിഡന്റ് ഷയ്സ്ത അംബര്‍ പറഞ്ഞു. മുസ്ലിം വനിതകള്‍ക്കെതിരായ നിലപാടാണ് മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് കൈക്കൊള്ളുന്നതെന്ന് അവര്‍ ആരോപിച്ചു.