തിരുവനന്തപുരം: എസ്.ബി.ടിയില്‍ നിന്ന് വിദ്യാഭ്യാസ വായ്പ എടുത്ത് കുടിശികയായ കുട്ടികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം നിഷേധിക്കപ്പെടുന്ന അവസ്ഥയ്ക്ക് പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്ത് നല്കി.
എസ്.ബി.ഐ അധികൃതരുടെ യോഗം വിളിച്ച് ഈ പ്രശ്നത്തിന് അടിയന്തിരമായി പരിഹാരം കണ്ടെത്തണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
കുട്ടികളുടെ കുഴപ്പം കൊണ്ടല്ല ഈ പ്രതിസന്ധിയുണ്ടായത്. എസ്.ബി.ഐയില്‍ എസ്.ബി.ടി ലയിച്ചതിനെത്തുടര്ന്നുണ്ടായ പ്രതിസന്ധിയാണിത്. കുടിശികയായ വിദ്യാഭ്യാസ വായ്പകള്‍ പിരിച്ചെടുക്കാന്‍ റിലയന്‍സ് അസെറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനിയെ ലയനത്തിന് മുന്‍പ് എസ്.ബി.ടി ഏല്പിച്ചിരുന്നു. എസ്.ബി.ഐയില്‍ എസ്.ബി.ടി ലയിച്ചതോടെ ഈ വിദ്യാഭ്യാസ വായ്പകള്‍ സംബന്ധിച്ച രേഖകള്‍ ലഭ്യമല്ലാതായി മാറി. എസ്.ബി.ഐ ആകട്ടെ കൈമലര്‍ത്തുകയും ചെയ്യുന്നു. റിലയന്സുകാരും രേഖകള്‍ നല്‍കുന്നില്ല. രേഖകള്‍ കിട്ടാത്തതു കാരണം കുട്ടികള്‍ക്ക് കുട്ടികള്‍ക്ക് സര്‍ക്കാരിന്റെ വിദ്യാഭ്യാസ വായ്പാ ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കാന്‍ കഴിയുന്നില്ല. അപേക്ഷ നല്‍കേണ്ട അവസാന ദിവസമാകട്ടെ ഡിസംബര്‍ 31 ആണ്.
വായ്പയുടെ 40% തുക വിദ്യാര്‍ത്ഥികള്‍ അടച്ചാല്‍ 60% സര്‍ക്കാര്‍ നല്കുന്ന പദ്ധതിയാണിത്. 20000 ത്തോളം കുട്ടികളാണ് ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുന്നത്. ഏതായാലും കുട്ടികളുടേതല്ലാത്ത കുറ്റത്തിന് അവര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യം നിഷേധിക്കപ്പെടാന്‍ പാടില്ല. അതിനാല്‍ ഈ പ്രശ്നത്തില്‍ ഇടപെട്ട് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.