സമാധാനം വേണമെങ്കില്‍ ഇന്ത്യ സേനയെ നിയന്ത്രിക്കണം: ഇന്ത്യന്‍ സേനയ്ക്ക് മുന്നറിയിപ്പുമായി ചൈന

0
48

ബെയ്ജിങ്: അതിര്‍ത്തിയില്‍ സമാധാനം ഉണ്ടാകണമെങ്കില്‍ ഇന്ത്യ അവരുടെ സേനയെ നിയന്ത്രിക്കണമെന്ന് ചൈന. 2017ലെ പ്രധാന സംഭവങ്ങള്‍ അവലോകനം ചെയ്യവേയാണ് ഇന്ത്യയ്ക്കു മുന്നറിയിപ്പുമായി ചൈനീസ് സൈന്യം രംഗത്തെത്തിയത്.

മറ്റ് പ്രശ്‌നങ്ങളൊന്നും ഇല്ലാതെ ദോക്ലാം സംഘര്‍ഷം രമ്യമായി പരിഹരിക്കാന്‍ സാധിച്ചത് ഈ വര്‍ഷത്തെ സുപ്രധാന നേട്ടമായാണ് ചൈന വിലയിരുത്തുന്നത്. ഇതുപോലുള്ള പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കരുതെന്നും രാജ്യങ്ങള്‍ തമ്മിലുള്ള ധാരണകള്‍ പാലിക്കപ്പെടണമെന്നും അതിര്‍ത്തിയില്‍ സ്ഥിരതയും സുരക്ഷിതത്വവും പുലരാന്‍ സൈന്യത്തിനുമേല്‍ ഇന്ത്യ ‘നിര്‍ബന്ധ നിയന്ത്രണം’ ഏര്‍പ്പെടുത്തണമെന്നും ചൈനീസ് പ്രതിരോധ വക്താവ് കേണല്‍ റെന്‍ ഗുവോഖിയാങ് പറഞ്ഞു.
രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും ലക്ഷ്യമിട്ട് വളരെ കാര്യക്ഷമമായാണ് ചൈനീസ് സേന പ്രവര്‍ത്തിച്ചത്. ദക്ഷിണ ചൈനാ കടല്‍, ഇന്ത്യ-ചൈനാ അതിര്‍ത്തി (ദോക്ലാം) വിഷയങ്ങള്‍ മികവോടെയാണ് സേന കൈകാര്യം ചെയ്തത്. ഇന്ത്യയും ചൈനയും തമ്മില്‍ ആരോഗ്യകരമായ ബന്ധം നിലനിര്‍ത്താന്‍ ആശയവിനിമയം ശക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.