ഋഷിദാസ്
ഇംഗ്ലീഷിലെ ‘ഫെറല്‍ കാറ്റ്സ്’ എന്ന പദത്തിന്റെ ശരിയായ മലയാള പദം എന്താണെന്ന് അറിയില്ല. പക്ഷെ അവരുടെ സ്വഭാവം വച്ച് നോക്കുമ്പോള്‍ അവരെ സൂചിപ്പിക്കാന്‍ ഏറ്റവും അനുയോജ്യമായ പദം സ്വതന്ത്ര മാര്ജാരന്മാര് എന്നാണെന്നു തോന്നുന്നു. ഒരു പക്ഷെ മനുഷ്യന് കഴിഞ്ഞാല്‍ ഏറ്റവും അതിജീവന വിജയം നേടിയ കരയിലെ സസ്തന ജീവിയാണ് മാര്ജാരന്മാര്. മാര്ജാരന്മാര് കാട്ടിലും വീട്ടിലും ഉണ്ട്, ഈ രണ്ടു കൂട്ടരിലും പെടാതെ നാട്ടില്‍ സ്വതന്ത്രമായി വിഹരിക്കുന്ന മാര്‍ജ്ജാരന്മാര്‍ ആണ് ‘ഫെറല്‍ കാറ്റ്സ്’ എന്നറിയപ്പെടുന്ന സ്വതന്ത്ര മാര്ജാരന്മാര്. ഭൂമിയില്‍ ഇപ്പോള്‍ എത്ര സ്വതന്ത്ര മാര്‍ജ്ജാരന്മാര്‍ ഉണ്ട് എന്നതിനെപ്പറ്റി പല ഊഹക്കണക്കുകളും ഉണ്ട്. അമ്പതു കോടി മുതല്‍ നൂറുകോടി വരെ സ്വതന്ത്ര മാര്‍ജ്ജാരന്മാര്‍ ഭൂമിയില്‍ വിഹരിക്കുന്നു എന്നാണ് ഏകദേശ കണക്കുകള്‍.
വീട്ടില്‍ വളര്‍ത്തുന്ന മാര്ജാരന്മാര് സ്വാതന്ത്രരാക്കപ്പെടുമ്പോഴോ, വീട്ടിലും കാട്ടിലും അല്ലാതെ ജീവിക്കുന്ന മാര്ജാരന്മാരില് നിന്നോ ആണ് സ്വതന്ത്ര മാര്‍ജ്ജാരന്മാര്‍ ഉരുത്തിരിയുന്നത്. സ്വതന്ത്ര മാര്‍ജ്ജാരന്മാര്‍ വന്യരായ മാര്ജ്ജാരന്മാരുടെയും ,വളര്‍ത്തപ്പെടുന്ന മാര്ജാരന്മാരുടെയും സ്വഭാവങ്ങള്‍ ആവശ്യത്തിനനുസരിച്ച് പുറത്തെടുക്കും. ആരെങ്കിലും അവര്‍ക്ക് സ്ഥിരമായി ആഹാരം നല്കിയാല് അവര്‍ വീട്ടു പൂച്ചകളുടെ സ്വഭാവം പുറത്തെടുക്കും. ഭക്ഷണം നല്കുന്നവരോട് പരിചയ ഭാവം കാണിക്കും ചിലപ്പോള്‍ അവരെ തൊടാനും വാരിയെടുക്കാനും വരെ അനുവദിക്കും. നല്ല സാഹചര്യങ്ങള്‍ ആണെങ്കില്‍ വീട്ടിനകത്തേക്ക് താമസവും മാറ്റും. പക്ഷെ മിക്ക സ്വതന്ത്ര മാര്ജ്ജാരന്മാരും മനുഷ്യരില്‍ നിന്നും ഒരകലം പാലിക്കാന്‍ ശ്രദ്ധിക്കും.
ചിലയിടങ്ങളില്‍ സ്വതന്ത്ര മാര്‍ജ്ജാരന്മാര്‍ വലിയ കോളനികളില്‍ ജീവിക്കാറുണ്ട്. മിക്ക നഗരങ്ങളിലും ഇത്തരം അനേകം സ്വതന്ത്ര മാര്‍ജ്ജാര കോളനികള്‍ ഉണ്ടാകാറുണ്ട്. റോമിലെ പുരാതനമായ കൊളീസിയത്തിനടുത് വളരെ കാലമായി നിലനില്‍ക്കുന്ന ഒരു സ്വതന്ത്ര മാര്‍ജാര കോളനി ഉണ്ട്. ഈ സ്ഥലം ഇപ്പോള്‍ ടോറ അര്‍ജെന്റിന ക്യാറ്റ് സാന്ക്ച്വറി എന്ന പേരില്‍ പ്രശസ്തമാണ്. റോമന്‍ ഏകാധിപതി ജൂലിയസ് സീസര്‍ വധിക്കപ്പെട്ടത് ഇപ്പോള്‍ ടോറ അര്‍ജെന്റിന ക്യാറ്റ് സാന്ക്ച്വറി സ്ഥിതിചെയ്യുന്ന പ്രദേശത്തിനടുത്തു വച്ചാണ് എന്നാണ് വിശ്വാസം.
സ്വതന്ത്ര മാര്‍ജാര കോളനികളിലെ സ്വതന്ത്ര മാര്‍ജ്ജാരന്മാര്‍ മനുഷ്യര്‍ ഉപേക്ഷിക്കുന്ന ഭക്ഷണം തരപ്പെടുത്തിയും, പ്രാവുകളെയും എലികളെയും വേട്ടയാടിയുമാണ് വിശപ്പടക്കുന്നത്. എലികളുടെ നിയന്ത്രണത്തിന് മാര്ജാരന്മാര് തന്നെയാണ് ഇപ്പോഴും ഏറ്റവും ഫലപ്രദമായ ആയുധം. മാര്‍ജാര കോളനികളിലെ മാര്‍ജ്ജാരന്മാരാണ് പല നഗരങ്ങളിലും പ്ളേഗുപോലുള്ള മഹാ വ്യാധികള്‍ പടര്‍ന്നു പിടിക്കാതെ കാക്കുന്നത്. സ്വതന്ത്ര മാര്‍ജാര കോളനികളില്‍ മാര്ജ്ജാരന്മാരുടെ ഒരു അധികാര വ്യവസ്ഥ നിലനില്ക്കുന്നതിനെപ്പറ്റി ഇതുവരെ വ്യക്തമായ ഒരു പഠനവും തെളിവ് നല്‍കുന്നില്ല. ഒരുമയിലെ സുരക്ഷിതത്വം എന്ന വളരെ അടിസ്ഥാനപരമായ തത്വത്തിലാണ് സ്വതന്ത്ര മാര്‍ജ്ജാര കോളനികള്‍ നിലനിന്നു പോകുന്നത്.
സ്വതന്ത്ര മാര്ജാരന്മാരുടെ ആയുസ്സ് വീടുകളില്‍ വളര്‍ത്തുന്ന പൂച്ചകളുടേതിനേക്കാള് വളരെ കുറവാണ്. ഭക്ഷണത്തിന്റെ ലഭ്യത അനുസരിച്ച് പലപ്പോഴും അവയുടെ എണ്ണം സ്വയം നിയന്ത്രിക്കപ്പെടാറുണ്ട്. ജനിക്കുന്ന സ്വതന്ത്ര മാര്ജ്ജാരന്മാരില് പത്തിലൊന്നു പോലും ഒരു വര്‍ഷത്തെ ആയുസിലേക്ക് എത്താറില്ല എന്നാണ് കരുതപ്പെടുന്നത്. എന്നാലും പ്രജനനത്തിന്റെ തോത് ഉയര്‍ന്നതായി തിനാല്‍ സ്വതന്ത്രമാര്ജാരന്മാരുടെ എണ്ണം ഒരിക്കലും ഇടിഞ്ഞു താഴാറില്ല. പല രാജ്യങ്ങളിലും സ്വതന്ത്രമാര്ജാരന്മാരെ ശല്യക്കാര്‍ ആയാണ് കരുതുന്നത്. പലയിടത്തും അവയുടെ പ്രജനനം നിയന്ത്രിക്കാറുമുണ്ട്. സ്വതന്ത്രമാര്ജ്ജാരന്മാരുടെ എണ്ണം കൂടിയാല്‍ പല പക്ഷി സ്പീഷീസുകളുടെയും നിലനില്‍പ്പ് അവതാളത്തിലാകും എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങിനെ അവയുടെ എണ്ണം നിയന്ത്രിക്കുന്നത്.
അന്റാര്‍ട്ടിക്കയില്‍ ഒഴിച്ച് സ്വതന്ത്ര മാര്‍ജ്ജാരന്മാര്‍ ഭൂമിയിലെ എല്ലാ കോണിലും വിഹരിക്കുന്നു. കപ്പലുകളില്‍ കയറി അതി വിദൂരമായ പോളിനേഷ്യന്‍ ദ്വീപുകളില്‍ വരെ സ്വതന്ത്ര മാര്ജാരന്മാര് ഇപ്പോള്‍ എത്തപ്പെട്ടിരിക്കുന്നു. മനുഷ്യവാസം ഇല്ലാത്ത ചെറു ദ്വീപുകളില്‍ സ്ഥലത്തിനനുയോജ്യമായി ഇവര്‍ ചെറുമീനുകളെയും ഞണ്ടുപോലുള്ള ജീവികളെയും ഭക്ഷണമാക്കുന്നു. ജപ്പാനിലെ ചെറുദ്വീപായ അഷിമ സ്വതന്ത്ര മാര്ജ്ജാരന്മാര്ക്ക് പേരുകേട്ടതാണ്. ഇവിടെ മനുഷ്യന്മാരുടെ പലമടങ്ങാണ് ഇവരുടെ എണ്ണം. ഇപ്പോള്‍ ഈ ദ്വീപ് ഇക്കാരണത്താല്‍ പ്രശസ്തമായ വലിയൊരു ടൂറിസ്റ്റു കേന്ദ്രവുമാണ്. ജെറുസെലേമിലെയും കാനേഡിയന്‍ പാര്ലിമെന്റിലെയും സ്വതന്ത്ര മാര്‍ജ്ജാര കൂട്ടങ്ങളും പ്രശസ്തമാണ്. കാനേഡിയന്‍ പാര്‍ലിമെന്റിലെ സ്വതന്ത്ര മാര്‍ജ്ജാര കൂട്ടത്തെ ഏതാനും വര്‍ഷം മുമ്പ് 2013 ല്‍ ഒഴിപ്പിച്ചിരുന്നു.
നമുക്കുചുറ്റും ആരെയും ഗൗനിക്കാതെ കറങ്ങി നടക്കുന്ന, രാത്രികാലങ്ങളില്‍ ചിലര്‍ക്കെങ്കിലും അലോസരമുണ്ടാക്കുന്ന സംഗീത കച്ചേരി നടത്തുന്ന, തക്കം കിട്ടിയാല്‍ അടുക്കളയില്‍ വലിഞ്ഞു കയറുന്ന ഈ സ്വതന്ത്ര മാര്‍ജ്ജാരന്മാര്‍ ചില്ലറക്കാരല്ല. അതിജീവനത്തിന്റെ ആശാന്മാര് തന്നെയാണ് അവര്‍ .