2018ല്‍ ആദ്യ ഘട്ട ഉദ്ഘാടനത്തിനൊരുങ്ങി ജിദ്ദ വിമാനത്താവളം

0
40

ജിദ്ദ: കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവള പദ്ധതിയുടെ ആദ്യഘട്ടം ഉദ്ഘാടനം 2018ല്‍ ഉണ്ടാകുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി മേധാവി പ്രഫ. അബ്ദുല്‍ ഹഖീം ബിന്‍ മുഹമ്മദ് അല്‍തമിമി. ‘മേഖലയുടെ വികസനത്തില്‍ ഗതാഗതത്തിന്റെ പങ്ക്’ എന്ന വിഷയത്തില്‍ മക്ക മേഖല പുനര്‍നിര്‍മാണ പദ്ധതി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും വലിയ പദ്ധതികള്‍ നടപ്പാക്കുന്ന മേഖലയായി മക്ക ഇപ്പോള്‍ മാറിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജിദ്ദ വിമാനത്താവളപദ്ധതി വലിയ പദ്ധതികളിലൊന്നാണ്. ഒരേ സമയത്ത് 70 ഓളം വിമാനങ്ങളെ സ്വീകരിക്കാന്‍ പാകത്തില്‍ അത്യാധുനിക സംവിധാനങ്ങളാണ് ഒരുക്കുന്നത്. ത്വാഇഫിലും പുതിയ വിമാനത്താവളത്തിന് നടപടി തുടങ്ങിയിട്ടുണ്ട്. 2020ഓടെ ഇത് ഉദ്ഘാടനം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. ഹജ്ജ് ഉംറ തീര്‍ഥാടകരുടെ യാത്ര ഇതോടെ കൂടുതല്‍ എളുപ്പമാകുമെന്നും സിവില്‍ ഏവിയേഷന്‍ മേധാവി പറഞ്ഞു.

അല്‍ഹറമൈന്‍ ട്രെയിന്‍ സര്‍വീസ് അടുത്ത മാര്‍ച്ച് മുതല്‍ ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി പൊതുഗതാഗത അതോറിറ്റി മേധാവി ഡോ.റുമൈഹ് അല്‍റുമൈഹ് പറഞ്ഞു. പരീക്ഷണ ഓട്ടം പൂര്‍ത്തിയായെന്ന് ഉറപ്പുവരുത്തിയ ശേഷമായിരിക്കും സര്‍വീസ് ആരംഭിക്കുക. ജിദ്ദ സുലൈമാനിയയിലെ സ്‌റ്റേഷന്‍ നിര്‍മാണ ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ മറ്റൊരു കോണ്‍ട്രാക്ടിങ് കമ്പനിക്ക് കൈമാറിയിട്ടുണ്ട്. പുതിയ ബസ് പദ്ധതി നാല് മാസത്തിന് ശേഷം ആരംഭിക്കുമെന്നും പഴയ ബസുകള്‍ ഒഴിവാക്കുമെന്നും ലൈസന്‍സുള്ള ഡ്രൈവര്‍മാര്‍ യോഗ്യരും താല്‍പര്യമുള്ളവരുമാണെങ്കില്‍ പുതിയ ബസുകളില്‍ ജോലിക്ക് നിയമിക്കുകയോ, അനുബന്ധമായ മറ്റ് ജോലികള്‍ നല്‍കുകയോ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.