ന്യൂഡല്‍ഹി: കടുപ്പമുള്ള ചോദ്യം ഉന്നയിച്ചതിന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് തന്നെ ട്വിറ്ററില്‍ ബ്ലോക്ക് ചെയ്തതായി കോണ്‍ഗ്രസ് എംപി. പഞ്ചാബില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപിയായ പ്രതാപ് സിങ് ബജ്‌വയാണ് ഈ ആരോപണം ഉന്നയിച്ചത്.
ഇറാഖില്‍ കാണാതായ 39 ഇന്ത്യക്കാരെ കുറിച്ച് ചോദിച്ചതിനാണ് തന്നെ ബ്ലോക്ക് ചെയ്തതെന്നാണ് പ്രതാപ് സിങ് ബജ്‌വ പറയുന്നത്. തന്നെ ബ്ലോക്ക് ചെയ്തുവെന്ന് കാണിക്കുന്ന ട്വീറ്റര്‍ അറിയിപ്പ് ട്വീറ്റ് ചെയ്താണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. മൂന്നരലക്ഷത്തോളം ആളുകളാണ് സുഷമ സ്വരാജിനെ ട്വിറ്ററില്‍ പിന്തുടരുന്നത്. തന്റെ ചോദ്യം ഇഷ്ടപ്പെടാത്തതുകൊണ്ടാകാം സുഷമാ സ്വരാജ് തന്നെ ബ്ലോക്ക് ചെയ്തതെന്നാണ് ബജ്വ പറയുന്നത്.
പ്രതാപ് സിങ് ബജ്‌വയുടെ ട്വീറ്റിന് പിന്നാലെ സുഷമാ സ്വരാജിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ രംഗത്ത് വന്നിട്ടുണ്ട്. വിദേശകാര്യമന്ത്രി ജനാധിപത്യമെന്താണെന്ന് മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ചിലര്‍ പ്രതികരിച്ചു. അതേസമയം സ്വകാര്യ അക്കൗണ്ടില്‍ ഒരാളെ ബ്ലോക്ക് ചെയ്യാന്‍ മന്ത്രിക്ക് അവകാശമുണ്ടെന്നും ഔദ്യോഗിക വിവരങ്ങള്‍ ചോദിക്കാന്‍ വിദേശകാര്യ വകുപ്പിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടുണ്ടെന്നും സുഷമാസ്വരാജിനെ അനുകൂലിക്കുന്നവര്‍ പറയുന്നു.
അതേസമയം, കഴിഞ്ഞ ജൂലൈയില്‍ ഇക്കാര്യം ബജ്വ പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നതാണെന്നും അന്നുതന്നെ അതിന് മറുപടി ലഭിച്ചിരുന്നതാണെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. സുഷമാ സ്വരാജ് ബ്ലോക്ക് ചെയ്തു എന്ന് കാണിക്കാനായി എഡിറ്റ് ചെയ്ത ഫോട്ടോയാണ് പ്രതാപ് സിങ് ബജ്‌വ ട്വീറ്റ് ചെയ്തതെന്നാണ് മറ്റ് ചിലരുടെ ആരോപണം.