തൊഴിലില്ലായ്മയും കാര്‍ഷിക തകര്‍ച്ചയും ബിജെപിയുടെ വോട്ട് കുറച്ചു: ഗുജറാത്ത് ചീഫ് സെക്രട്ടറി

0
37

ഗാന്ധിനഗര്‍: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയായ ഘടകങ്ങളില്‍ തൊഴിലില്ലായ്മയും കാര്‍ഷിക തകര്‍ച്ചയും പ്രധാനമെന്ന് ഗുജറാത്ത് ചീഫ് സെക്രട്ടറി ജെഎന്‍ സിംഗ്. അപ്പാരല്‍ എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സിലിന്റെ(എഇപിസി) 12-ാമത് റീജിയണല്‍ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗുജറാത്ത് ഫലങ്ങള്‍ പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നത് രണ്ട് കാര്യങ്ങളാണ്, കാര്‍ഷിക തകര്‍ച്ചയും തൊഴിലില്ലായ്മയും വോട്ടിംഗിനെ സാരമായി ബാധിച്ചു. കര്‍ഷകര്‍ക്കുണ്ടായ അസ്വസ്ഥകള്‍ കൃത്യമായി പ്രകടമായിട്ടുണ്ട്. പ്രത്യേകിച്ച് സൗരാഷ്ട്ര മേഖലയില്‍. അവിടെ ഭരണകക്ഷിയോടുള്ള എതിര്‍പ്പുകളും ദേഷ്യവും വ്യക്തമാണ്. വര്‍ധിച്ച് വരുന്ന തൊഴിലില്ലായ്മ ഗൗരവമായി തന്നെ പരിഗണിക്കും ജെഎന്‍ സിംഗ് പറഞ്ഞു.

‘ഇതൊരു തുടക്കമാണ്, വസ്ത്രനിര്‍മ്മാണ മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിന് എഇപിസി വരുന്നതോടെ സാധിക്കും. ഇതിലൂടെ തൊഴില്‍ രംഗത്ത് നിരവധി അവസരങ്ങള്‍ സൃഷ്ടിക്കാനാകും. വസ്ത്ര നിര്‍മ്മാണ രംഗത്ത് ഗുജറാത്ത് ഉയരത്തിലെത്തണമെന്നാണ് ഞങ്ങളുടെ ആഗ്രഹം,’ സിംഗ് കൂട്ടിച്ചേര്‍ത്തു. പരുത്തി, നിലക്കടല എന്നിവയുടെ താങ്ങുവിലയിലെ പ്രശ്നങ്ങളും കാര്‍ഷിക ലോണുകളിലെ പോരായ്മകളും കര്‍ഷക വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.

2012 ല്‍ 115 സീറ്റ് ലഭിച്ച ബിജെപിയ്ക്ക് ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 99 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. സൗരാഷ്ട്രയില്‍ നിന്നാണ് പാര്‍ട്ടിക്ക് കനത്ത പ്രഹരമേറ്റത്. കോണ്‍ഗ്രസ് 28 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ ബിജെപിക്ക് ലഭിച്ചത് 19 സീറ്റുകള്‍ മാത്രമായിരുന്നു.