വിപിൻദാസ് തോട്ടത്തിൽ
“ചിത്തപ്പാ..”
“ഏമ്മോനേ..??”
“നാമോ.. നാമോ രെച്ചപ്പെടുമേ
ചിത്തപ്പാ??”
“ഓമ്മോനേ..”
വിതുമ്പൽ.
തണുത്ത കടൽ.
ഉപ്പിരുട്ട്.
“ചിത്തപ്പാ..”
“ചൊല്ലപ്പാ..”
“എങ്ക അപ്പാ രെച്ചപ്പെടുമേ
ചിത്തപ്പാ??”
“ഓമ്മോനേ…”
വീണ്ടും വിതുമ്പൽ..
“ഇല്ല ചിത്തപ്പാ,, നാൻ കണ്ടേൻ,
അപ്പാ താന്ത് താന്ത് പോയാച്ച്..”
പൊട്ടിക്കരച്ചിൽ.
“അണ്ടവരാണെ ഇല്ല മകനേ..
അങ്ക്.. അങ്ക് പാര് നീ..
അപ്പാ പ്ലോട്ടില്‍ അപ്പിപ്പിടിച്ച്
കിടക്കയാക്കും..”
ദൂരെ കണ്ട
മരീചിക ചൂണ്ടിക്കാണിച്ച്
ഒരു വിതുമ്പിച്ച
ദീർഘ നിശ്വാസം.
കടലറിയാതെ നെഞ്ചിനുളളിൽ
നീറ്റൽ..
“ചിത്തപ്പാ..”
“ഏമ്മഹനേ..??”
“എങ്ക അമ്മാ ഇപ്പം ചോറും വച്ച്
എങ്കളെയുംപ്പാത്ത്
ഒറങ്കാതെയിരുക്കയാക്കും
ഏനേ ചിത്തപ്പാ??”
മൌനം.
കുറേയധികം നിശബ്ദമായ
കുത്തുകൾ..
നിമിഷങ്ങൾ കഴിയും.
മണിക്കൂറുകളാകും.
രാവും പകലും കൊഴിയും.
രണ്ടു കന്നാസു പാട്ടകൾ
ഉൾക്കടലുകൾ തേടി
കോളു നിറഞ്ഞ നടുക്കടലിലൂടെ
ഉളളാട്ടു നീന്തും.
കരയിൽ കുരിശടികൾ
കടലിൽ കാണാതായ മൂന്നു
മൃതദേഹങ്ങൾക്കു വേണ്ടി
ചാവു മണികൾ മുഴക്കും.
പൂജകൾ.
എട്ടും, മാസവും, ആണ്ടും
കടന്നു പോകും.
“അപ്പളും എങ്ക അമ്മാ ചോറും
വച്ച് എങ്കളേയും പാത്ത്
ഇരുക്കുവാരാക്കും ഏനേ
ചിത്തപ്പാ..??”