ന്യൂഡല്‍ഹി: 52 കേന്ദ്ര മന്ത്രാലയങ്ങളിലും വകുപ്പുകളിലും വച്ച് പരാതികള്‍ പരിഹരിക്കുന്നതില്‍ ഏറ്റവും പിന്നില്‍ നീതി ആയോഗ് എന്ന് റിപ്പോര്‍ട്ട്. സെന്‍ട്രലൈസ്ഡ് പബ്ലിക് റിഡ്രസ് ആന്‍ഡ് മോണിട്ടറിങ് സിസ്റ്റം റിപ്പോര്‍ട്ടിലാണ് പരാതികള്‍ പരിഹരിക്കുന്നതില്‍ നീതി ആയോഗ് ഏറ്റവും പിന്നിലാണെന്ന് ചൂണ്ടിക്കാണിക്കുന്നത്. ഐ എ എന്‍ എസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
2014 ജനുവരി ഒന്നിനും 2017 ഡിസംബര്‍ 28 നും ഇടയില്‍ ലഭിച്ച 5883 പരാതികളില്‍ 54 ശതമാനം മാത്രമാണ് നീതി ആയോഗ് പരിഹരിച്ചത്. ബാക്കിയുള്ള 2677 പരാതികളില്‍ 774 എണ്ണം ഒരു വര്‍ഷത്തിലേറെയായി കെട്ടിക്കിടക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നീതി ആയോഗിന് പിന്നിലുള്ളത് കല്‍ക്കരി മന്ത്രാലയമാണ്. 84 ശതമാനം പരാതികളാണ് കല്‍ക്കരി മന്ത്രാലയം പരിഹരിച്ചിട്ടുള്ളത്. 52 കേന്ദ്ര മന്ത്രാലയങ്ങളെയും വകുപ്പുകളെയും പരിഗണിക്കുമ്പോള്‍ ആകെയുള്ള പരാതി പരിഹാര നിരക്ക് 97 ശതമാനമാണ്. 23,87,513 പരാതികളാണ് 2014 ജനുവരി മുതല്‍ സര്‍ക്കാരിന് ലഭിച്ചത്. ഇതില്‍ 23,22,751 പരാതികള്‍ പരിഹരിക്കപ്പെട്ടു. 4,111 പരാതികളാണ് ഒരുവര്‍ഷത്തില്‍ അധികമായി കെട്ടിക്കിടക്കുന്നത്.
വിദേശ കാര്യമന്ത്രാലയമാണ് ഏറ്റവും വേഗത്തില്‍ പരാതികള്‍ക്ക് പരിഹാരം കണ്ടെത്തുന്നത്. 99ശതമാനം പരാതികള്‍ക്കും പരിഹാരം കണ്ടെത്തിയിട്ടുണ്ട്. 49,558 പരാതികള്‍ ലഭിച്ചതില്‍ ഒരു പരാതി മാത്രമാണ് ഒരു വര്‍ഷത്തിലേറെയായി പരിഹരിക്കപ്പെടാതിരിക്കുന്നത്. മറ്റ് 174 പരാതികള്‍ ലഭിച്ചിട്ട് രണ്ടുമാസമായിട്ടില്ല. ഡ്രിങ്കിങ് ആന്‍ഡ് സാനിറ്റേഷന്‍ മന്ത്രാലയവും 99 ശതമാനം പരാതികള്‍ പരിഹരിച്ചിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത് ധമനമന്ത്രാലയത്തിനാണ്. 5,42,370 പരാതികളാണ് ലഭിച്ചത്. ഇതില്‍ 97 ശതമാനവും പരിഹരിക്കപ്പെട്ടിട്ടുണ്ട്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്തിനു ശേഷം 2015ലാണ് ആസൂത്രണ കമ്മീഷന് പകരമായി നീതി ആയോഗ് രൂപവത്കരിച്ചത്.