പാര്‍വതിക്കെതിരായ സൈബര്‍ ആക്രമണം; പ്രതി പ്രിന്റോയ്ക്ക് ജോലി വാഗ്ദാനം ചെയ്ത് കസബയുടെ നിര്‍മാതാവ്

0
71

നടി പാര്‍വതിയെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ വടക്കാഞ്ചേരി സ്വദേശി പ്രിന്റോയ്ക്ക് ജോലി വാഗ്ദാനം ചെയ്ത് മമ്മൂട്ടി ചിത്രം കസബയുടെ നിര്‍മാതാവ് ജോബി ജോര്‍ജ്.

പ്രിന്റോയ്ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ജോബി ഫേസ്ബുക്കിലെ ഒരു പോസ്റ്റിന് മറുപടിയായി പിന്റോയ്ക്ക് ജോലി വാഗ്ദാനം ചെയ്തത്.

‘മോനേ, സാധിക്കുന്നത് പോലെ നിന്റെ നമ്പര്‍ തരുകയോ എന്റെ വീട്ടിലോ ഓഫീസിലോ വരികയോ ചെയ്യുക. ഞാന്‍ മരിക്കുന്നത് വരെ നിനക്ക് എപ്പോള്‍ വേണമെങ്കിലും ഇന്ത്യയിലോ, ദുബായിലോ, യുകെയിലോ ഒരു ജോലിയുണ്ടായിരിക്കും. നമ്പര്‍ തരിക, ഞാന്‍ വിളിക്കുന്നതാണ്’ എന്നായിരുന്നു ജോബിയുടെ കമന്റ്.

മുന്‍പ് കസബയെ വിമര്‍ശിച്ച പാര്‍വതിയെയും ഗീതു മോഹന്‍ദാസിനെയും ‘ആന്റി’ എന്ന് അഭിസംബോധന ചെയ്ത് കൊണ്ട് ജോബി പോസ്റ്റ് ചെയ്ത കുറിപ്പും ഏറെ ചര്‍ച്ചയായിരുന്നു.

‘ഗീതു ആന്റിയും ,പാര്‍വതി ആന്റിയും അറിയാന്‍ കസബ നിറഞ്ഞ സദസില്‍ ആന്റിമാരുടെ ബര്ത്ഡേ തീയതി പറയാമെങ്കില്‍ എന്റെ ബര്ത്ഡേ സമ്മാനമായി പ്രദര്ശിപ്പിക്കുന്നതായിരിക്കും’ എന്നായിരുന്നു അന്ന് ജോബി കുറിച്ചത്.

മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തിലെ സ്ത്രീവിരുദ്ധ രംഗങ്ങള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചതോടെയാണ് മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങളെന്ന് അവകാശപ്പെടുന്നവര്‍ പാര്‍വതിക്കെതിരെ തിരിഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെ പാര്‍വതിയെ വ്യാപകമായി അസഭ്യം വിളിക്കുകയും സ്വഭാവഹത്യ നടത്തുകയും ചെയ്തവര്‍ ബലാത്സംഗ ആഹ്വാനം വരെ നടത്തിയതോടെയാണ് പാര്‍വതി സൈബര്‍ ഡോമിന് ഓണ്‍ലൈന്‍ വഴി പരാതി നല്‍കിയത്. ഈ പരാതിയിലാണ് പിന്റോ അറസ്റ്റിലാകുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്തത്. 10,000 രൂപയ്ക്കും തുല്യ തുകയ്ക്കുള്ള രണ്ടാളുടെ ഉറപ്പിലുമാണ് ജാമ്യം. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന ശനിയാഴ്ചകളില്‍ ഹാജരാകണമെന്നാണ് ജാമ്യ വ്യവസ്ഥ.

അതേസമയം പാര്‍വതിയുടെ പരാതിയില്‍ ഒരാള്‍ കൂടി ഇന്ന് പിടിയിലായി കോളേജ് വിദ്യാര്‍ഥിയും കൊല്ലം ചാത്തന്നൂര്‍ സ്വദേശിയുമായ റോജനാണ് പിടിയിലായത്. പാര്‍വതിയെ ബലാത്സംഗം ചെയ്യുമെന്ന് ഇയാള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ സന്ദേശം അയച്ചതായി പോലീസ് കണ്ടെത്തി.