കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെ നടി പാര്‍വതിയെ ആക്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കോളേജ് വിദ്യാര്‍ഥിയും കൊല്ലം ചാത്തന്നൂര്‍ സ്വദേശിയുമായ റോജനാണ് അറസ്റ്റിലായത്. എറണാംകുളം സൗത്ത് പൊലീസ് കൊല്ലത്ത് എത്തിയാണ് റോജനെ കസ്റ്റഡിയിലെടുത്തത്.
പാര്‍വതിയെ ബലാത്സംഗം ചെയ്യുമെന്ന് ഇയാള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ സന്ദേശം അച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതേ കേസില്‍ കഴിഞ്ഞ ദിവസം വടക്കാഞ്ചേരി സ്വദേശി പ്രിന്റോ എന്നയാള്‍ അറസ്റ്റിലായിരുന്നു. പാര്‍വതിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ പിടിയിലാകുന്ന രണ്ടാമത്തെയാളാണ് റോജന്‍.
‘കസബ’ എന്ന മമ്മൂട്ടി ചിത്രത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ പാര്‍വതിയ്ക്കുനേരെ വ്യക്തിപരമായ അധിക്ഷേപങ്ങളും ഭീഷണികളും പ്രചരിച്ചിരുന്നു. ഇതിനെതിരെ അവര്‍ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് പരാതി നല്‍കുകയായിരുന്നു. വ്യക്തിഹത്യ നടത്താന്‍ സംഘടിത ശ്രമം നടക്കുകയാണെന്ന് പാര്‍വതി പരാതിയില്‍ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് എറണാകുളം സൗത്ത് സി.ഐ. സിബി ടോമിന്റെ നേതൃത്വത്തില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് പാര്‍വതിയുടെ പരാതിയിന്മേല് അന്വേഷണം ആരംഭിച്ചിരുന്നു.
തിരുവനന്തപുരത്ത് രാജ്യാന്തര ചലച്ചിത്രോത്സവത്തോടനുബന്ധിച്ചുനടന്ന ഓപ്പണ്‍ ഫോറത്തിലാണ് കസബ സിനിമയെ വിമര്‍ശിച്ച് പാര്‍വതി സംസാരിച്ചത്. ചിത്രം കടുത്ത സ്ത്രീവിരുദ്ധത ഉത്പാദിക്കുന്നതാണെന്നും മമ്മൂട്ടിയെപ്പോലൊരു മഹാനടന് അതില്‍ അഭിനയിച്ചത് സങ്കടകരമാണെന്നുമാണ് പാര് വതി പറഞ്ഞത്.