ഭിന്നലിംഗക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ ഉത്തരവ്

0
37

കോഴിക്കോട്: അര്‍ധരാത്രിക്കു ശേഷം നഗരത്തിലൂടെ നടന്നുപോകുകയായിരുന്ന ഭിന്നലിംഗക്കാരെ പോലീസ് മര്‍ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. ഉത്തരമേഖല എഡിജിപിക്കാണ് അന്വേഷണ ചുമതല.

കഴിഞ്ഞ ദിവസം രാത്രി കോഴിക്കോട് നഗരത്തിലാണ് സംഭവം അരങ്ങേറിയത്. സംസ്ഥാന തുടര്‍വിദ്യാഭ്യാസ കലോത്സവത്തിലെ ചിത്രരചനാ മത്സരത്തില്‍ പങ്കെടുത്ത സുസ്മി (38), മമത ജാസ്മിന്‍ (43) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. വ്യാഴാഴ്ച പുലര്‍ച്ചെ കോട്ടപ്പറമ്പ് ആശുപത്രിക്ക് സമീപം വച്ച് പോലീസ് മര്‍ദിച്ചെന്നാണ് ഇവരുടെ പരാതി.

ഇവരുടെ ശരീരത്തില്‍ മുറിവേറ്റ പാടുകളുണ്ട്. മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് ഇരുവരും ബീച്ചാശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു. അതേസമയം അനാശാസ്യത്തിന് പ്രേരിപ്പിച്ചുകൊണ്ടുപോയി ബാഗ് കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് കസബ എസ്‌ഐയുടെ നേതൃത്വത്തില്‍ ഭിന്നലിംഗക്കാരെ നേരിട്ടതെന്ന് പോലീസ് വിശദീകരണം. പരാതി ലഭിച്ചതിനെ തുടര്‍ന്നായിരുന്നു നടപടിയെന്നും സംശയാസ്പദ സാഹചര്യത്തില്‍ കാണപ്പെട്ട ഇവരെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാത്തതിനാല്‍ ചൂരല്‍വീശി ഓടിച്ചുവിടുകയാണുണ്ടാതെന്നും എസ്‌ഐ സിജിത്ത് പറഞ്ഞു.