കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതിയിലെ വിവാദ ഭൂമിക്കച്ചവടവുമായി ബന്ധപ്പെട്ട് ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ പടയൊരുക്കം ശക്തമാകുന്നു. ആര്‍ച്ച് ബിഷപ്പിന്റെ രാജി ആവശ്യപ്പെട്ട് ഒരു വിഭാഗം വൈദികരും സാഹയ മെത്രാന്മാരും രംഗത്ത് എത്തിയതോടെ വിവാദം പുതിയ തലങ്ങളിലേക്ക് കടന്നു. കര്‍ദ്ദിനാളിനെതിരെ അതിരുപത സഹായ മെത്രാനായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് വൈദികര്‍ക്ക് കത്തയച്ചു. ഭൂമിക്കച്ചവടവുമായി ബന്ധപ്പെട്ട് കര്‍ദ്ദിനാളിന്റെ നടപടികള്‍ സുതാര്യമല്ലെന്നും, അത് അതിരൂപതയ്ക്ക് കോടികളുടെ നഷ്ടമുണ്ടാക്കിയെന്നും കത്തില്‍ പറയുന്നു.
ഭൂമി വിവാദവുമായി ബന്ധപ്പെട്ട് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം വൈദികര്‍ രംഗത്ത് വന്നതിനു പിന്നാലെയാണ് സഹായ മെത്രാനായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന്റെ നടപടി. ഇതിനു ശേഷം വൈദിക സമിതിയുടെ അടിയന്തര യോഗവും വിളിച്ചു ചേര്‍ത്തു. എന്നാല്‍ 20 ഓളം വൈദികര്‍ മാത്രമാണ് യോഗത്തില്‍ പങ്കെടുത്തത്.യോഗം വിളിച്ചു കൂട്ടി രണ്ടു സാഹായമെത്രാന്മാര് രാജി പ്രഖ്യപനം നടത്താനും ഇതിലൂടെ ആര്‍ച്ച് ബിഷപ്പിനെ സമ്മര്‍ദ്ദത്തിലാക്കാനുമാണ് ശ്രമം നടത്തിയതെന്ന് ഒരു വിഭാഗം ആരോപിക്കുന്നു.
കര്‍ദ്ദിനാളിനെ ലക്ഷ്യമിട്ട് ഒരു വിഭാഗം നടത്തുന്ന നീക്കത്തിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ് അടക്കമുള്ള അല്മായ സംഘടനകള്‍ രംഗത്ത് എത്തി. പ്രശ്നം എത്രയും വേഗം അവസാനിപ്പിച്ചില്ലെങ്കില്‍ വിശ്വസികള്‍ക്ക് പരസ്യനിലപാട് സ്വീകരിക്കേണ്ടി വരുമെന്ന് സംഘടവകള് സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെ അറിയിച്ചു. ഇതോടെ വൈദിക സമ്മേളനം അവസാനിപ്പിക്കുകയും ചെയ്തു.