യു എസില്‍ വെടിവെയ്പ്പ്: ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു

0
57

വാഷിങ്ടന്‍: ഇന്ത്യന്‍ വംശജന് നേരെ യു.എസില്‍ വീണ്ടും ആക്രമണം. ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. അര്‍ഷദ് വോറ (19) എന്ന വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ടത്. ആയുധവുമായെത്തിയ മോഷ്ടാക്കള്‍ കവര്‍ച്ചയ്ക്കിടെയാണ് അര്‍ഷദിനെ വെടിവച്ചത്. മറ്റൊരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു.

ചിക്കാഗോ ഡോല്‍ട്ടനിലെ ക്ലാര്‍ക്ക് ഗ്യാസ് സ്റ്റേഷനിലാണ് സംഭവമെന്ന് സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. രണ്ടംഗ സംഘമാണ് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. അര്‍ഷദ് സാധനം വാങ്ങാന്‍ കടയില്‍ എത്തിയപ്പോഴായിരുന്നു വെടിവയ്പ്. മോഷ്ടാക്കള്‍ ഓടി രക്ഷപ്പെട്ടു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികളെ കണ്ടെത്തുന്നവര്‍ക്ക് 12,000 ഡോളര്‍ പൊലീസ് പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്തകാലത്തായി യുഎസില്‍ ഇന്ത്യക്കാര്‍ക്കു നേരെ അക്രമവും വെടിവയ്പും വര്‍ധിച്ചിട്ടുണ്ട്. ഡിസംബര്‍ 15ന് ഒഹിയോയില്‍ കരുണാകര്‍ കരേഗ്ലെയെ മോഷ്ടാക്കാള്‍ വെടിവെച്ചു കൊലപ്പെടുത്തി. ഫെബ്രുവരിയിലാണ് ശ്രിനിവാസ് കുച്ചിഭോട്ട്ല എന്ന സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ കന്‍സാസില്‍ വെടിയേറ്റു മരിച്ചത്. 2017ല്‍ 58,491 സംഭവങ്ങളാണ് വെടിവയ്പുമായി ബന്ധപ്പെട്ട് യുഎസില്‍ ഉണ്ടായത്. 14,763 പേര്‍ കൊല്ലപ്പെട്ടു. 29,888 പേര്‍ക്കു പരുക്കേറ്റതായും ഗണ്‍ വയലന്‍സ് ആര്‍ക്കൈവ് (ജിവിഎ) റിപ്പോര്‍ട്ടില്‍ പറയുന്നു.