സമുദ്രാതിര്‍ത്തി ലംഘിച്ച 145 മത്സ്യത്തൊഴിലാളികളെ പാകിസ്താന്‍ ഇന്ന് മോചിപ്പിക്കും

0
30

ഇസ്ലാമാബാദ്: സമുദ്രാതിര്‍ത്തി ലംഘിച്ചതായി ആരോപിച്ച് തടവില്‍ പാര്‍പ്പിച്ച മത്സ്യത്തൊഴിലാളികളില്‍ 145 പേരെ പാകിസ്താന്‍ ഇന്ന് മോചിപ്പിക്കും. കറാച്ചി ജയിലില്‍ നിന്ന് മോചിപ്പിക്കുന്ന മത്സ്യത്തൊഴിലാളികളെ വാഗ അതിര്‍ത്തിയില്‍ വെച്ച് ഇന്ത്യക്ക് കൈമാറുമെന്ന് പാകിസ്താന്‍ അറിയിച്ചു.

ജനുവരി എട്ടിന് മുന്‍പായി 291 മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കുമെന്ന് പാക് വിദേശകാര്യ മന്ത്രാലയവുമായി നേരത്തേ ധാരണയായിരുന്നു. രണ്ട് ഘട്ടമായാണ് മൂന്ന് വര്‍ഷത്തോളമായി ജയിലില്‍ കഴിയുന്ന തൊഴിലാളികളെ പുറത്തിറക്കുക. 145 പേരാണ് പാക് ജയിലില്‍ നിന്ന് ഇന്ന് മോചിതരാകുന്നത്. ശേഷിക്കുന്ന 146 മത്സ്യത്തൊഴിലാളികളെ ജനുവരി ആദ്യ ആഴ്ച്ചയ്ക്കുള്ളില്‍ തന്നെ മോചിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഗുജറാത്ത്, ദിയു എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പാക് തടവില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികളില്‍ ഭൂരിഭാഗം പേരും. ഇന്ത്യന്‍ ചാരനെന്നാരോപിച്ച് പാകിസ്താന്‍ വധശിക്ഷയ്ക്ക് വിധിച്ച മുന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ യാദവുമായി കൂടിക്കാഴ്ച നടത്താന്‍ ഭാര്യയെയും, അമ്മയെയും അനുവദിച്ചതിന് പിന്നാലെയാണ് മറ്റൊരു നീക്കം പാകിസ്താന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്.