അമിതവേഗം; രാജ്യ വ്യാപകമായുള്ള കാമ്പയിനുമായി യു എ ഇ ആഭ്യന്തര മന്ത്രാലയം

0
48

ദുബൈ: ഈ വര്‍ഷം ഡിസംബര്‍ 23 വരെ അമിത വേഗംമൂലമുണ്ടായ അപകടങ്ങളില്‍ 230 പേര്‍ക്ക് ജീവന്‍ നഷ്ടമായതായി യു എ ഇ ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ വര്‍ഷം മരിച്ചവരുടെ എണ്ണം 312 ആയിരുന്നു. വേഗതമൂലമുണ്ടാകുന്ന അപകടങ്ങളും മരണങ്ങളും കുറക്കുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ രാജ്യ വ്യാപകമായുള്ള കാമ്പയിന് ജനുവരി ഒന്നു മുതല്‍ തുടക്കമാകും. ‘ഡോണ്‍ട് ലെറ്റ് സ്പീഡിംഗ് ടേണ്‍ യു ഇന്‍ ടു എ കില്ലര്‍’ എന്നതാണ് കാമ്പയിന്‍ മുദ്രാവാക്യം.

മിക്ക അപകട മരണങ്ങള്‍ക്കും കാരണം അമിതവേഗതയാണെന്ന് ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ ഡയറക്ടര്‍ മേജര്‍ ജനറല്‍ മുഹമ്മദ് സൈഫ് അല്‍ സഫീന്‍ പറഞ്ഞു. അമിതവേഗമൂലം രാജ്യത്ത് ഈ വര്‍ഷമുണ്ടായ അപകടങ്ങളുടെ എണ്ണം 1,535 ആണ്.

2010 മുതലാണ് അമിത വേഗതക്കെതിരെ മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന കാമ്പയിന് തുടക്കംകുറിച്ചത്. ഓരോ വര്‍ഷവും കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുവരികയാണ്.