മെല്‍ബണ്‍: നാലാം ദിനം വില്ലനായ മഴയും അവസാന ദിവസത്തെ ഓസീസ് ബാറ്റിങ്ങും ഇംഗ്ലണ്ടിന്റെ വിജയപ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി. നാലാം ആഷസ് ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. വിജയം അപ്രാപ്യമായതോടെ ഇരുക്യാപ്റ്റന്മാരും മത്സരം സമനിലയില്‍ അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച ഓസ്ട്രേലിയ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു.
സ്കോര്‍: ഓസ്ട്രേലിയ- 327, 263/4 dec. ഇംഗ്ലണ്ട്: 491
ഒന്നാം ഇന്നിംങ്സില്‍ 164 റണ്‍സിന്റെ ലീഡ് വഴങ്ങി ബാറ്റിങ് ആരംഭിച്ച ഓസീസിനെ പുറത്താകാതെ ക്യാപ്റ്റന്‍ സ്മിത്ത് നേടിയ സെഞ്ച്വറിയാണ് ഭേദപ്പെട്ട നിലയിലാക്കിയത്. 275 പന്തുകള്‍ നേരിട്ട സ്മിത്ത് 102 റണ്‍സാണ് അടിച്ചെടുത്തത്. സ്മിത്തിന്റെ 23-ാം ടെസ്റ്റ് സെഞ്ച്വറിയാണിത്.
അഞ്ചാം ദിനം രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഓസീസിന്റെ രണ്ടു വിക്കറ്റുകള്‍ മാത്രം വീഴ്ത്താനെ ഇംഗ്ലീഷ് ബൗളര്‍മാര്‍ക്കായുള്ളൂ. സ്മിത്തിന് പിന്തുണ നല്കി 86 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറെ റൂട്ടിന്റെ പന്തില്‍ വിന്‍സ് ക്യാച്ചെടുത്താണ് പുറത്താക്കിയത്. തൊട്ടുപിന്നാലെ 4 റണ്‍സെടുത്ത ഷോണ്‍ മാര്‍ഷിനെ സ്റ്റുവര്‍ട്ട് ബോര്‍ഡും പുറത്താക്കി.
ഇംഗ്ലീഷ് നിരയില്‍ ആന്ഡേഴ്സണ്, സ്റ്റുവര്‍ട്ട് ബോര്‍ഡ്, വോക്ക്സ്, ജോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. രണ്ടിന്നിംങ്സിലുമായി ബോര്‍ഡ് 5 വിക്കറ്റ് നേടി. ആദ്യ ഇന്നിംങ്സില്‍ ഡബിള്‍ സെഞ്ച്വറിയടിച്ച് പുറത്താകാതെ നിന്ന കുക്കിന്റെ (409 പന്തില്‍ 244 റണ്‍സ്) ബാറ്റിങ് മികവിലാണ് ഇംഗ്ലണ്ട് മികച്ച സ്കോര്‍ പടുത്തുയര്‍ത്തിയത്.