ഈ വര്‍ഷം കേരളത്തിലെ രാഷ്ട്രീയ ആക്രമണങ്ങളില്‍ മുന്‍ വര്‍ഷങ്ങളെക്കാള്‍ ഗണ്യമായ കുറവ്: മുഖ്യമന്ത്രിയുടെ ഓഫിസ്

0
45

തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ ആക്രമണ കേസുകളില്‍ ഗണ്യമായ കുറവ് വന്നതായി മുഖ്യമന്ത്രിയുടെ ഓഫിസ്. 2017ല്‍ കേസുകളുടെ എണ്ണത്തില്‍ 2016നേക്കാള്‍ കാര്യമായ കുറവ് വന്നതായാണ് വിശദീകരണം. 2016 ഡിസംബര്‍ 30 വരെ 1684 രാഷ്ട്രീയ ആക്രമണ കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ 2017 ഡിസംബര്‍ 30ല്‍ എത്തിയപ്പോള്‍ അത് 1463 ആയി കുറഞ്ഞെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.
കണ്ണൂരിലും രാഷ്ട്രീയ ആക്രമണ കേസുകള്‍ വളരെയധികം കുറഞ്ഞതായാണ് കണക്ക്. 2016 ഡിസംബര്‍ വരെ കണ്ണൂര്‍ ജില്ലയിലെ ആക്രമണ കേസുകളുടെ എണ്ണം 363 ആയിരുന്നു. 2017 ഡിസംബര്‍ 30 ആകുമ്പോഴേക്കും അത് 271 ആയി കുറഞ്ഞു.
അക്രമം അമര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ എടുത്ത ഭരണപരവും രാഷ്ട്രീയപരവുമായ നടപടികളെ തുടര്‍ന്നാണ് കേസുകളുടെ എണ്ണം കുറഞ്ഞതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ സമാധാന ചര്‍ച്ചകളുടെ കൂടി ഫലമായാണ് അക്രമസംഭവങ്ങള്‍ കുറയ്ക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹത്തിന്റെ ഓഫിസ് വ്യക്തമാക്കി.