നിതിന്‍ പട്ടേലിനെ സ്വാഗതം ചെയ്ത് ഹാര്‍ദിക്; സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറെടുത്ത് കോണ്‍ഗ്രസ്‌

0
41

അഹമ്മദാബാദ്: തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഗുജറാത്തില്‍ ബിജെപിക്ക് തലവേദന സൃഷ്ടിച്ച് നിര്‍ണായക നീക്കവുമായി പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേല്‍. ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിനെ തങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ സ്വാഗതം ചെയ്താണ് ഹാര്‍ദിക് ബിജെപി ക്ക് തലവേദന സൃഷ്ടിക്കുന്നത്. ബിജെപി ക്ക് വേണ്ടി വളരെയേറെ അധ്വാനിച്ച വ്യക്തിയാണ് അദ്ദേഹം. നിതിന്‍ പട്ടേലിനെ ബിജെപി ബഹുമാനിക്കുന്നില്ലെങ്കില്‍ അദ്ദേഹത്തിന് പട്ടേല്‍ സംവരണ പ്രക്ഷോഭ സമിതിക്കൊപ്പം ചേരാമെന്ന് സംഘടനയുടെ ചിന്തന്‍ ശിബിരത്തില്‍ ഹാര്‍ദിക് വ്യക്തമാക്കി. ആവശ്യപ്പെട്ട വകുപ്പുകള്‍ കിട്ടിയില്ലെങ്കില്‍ രാജിവയ്ക്കുമെന്നറിയിച്ച്  നിതിന്‍ പട്ടേല്‍ നേരത്തെ         നരേന്ദ്ര മോദിക്കും, അമിത് ഷായ്ക്കും കത്തയച്ചിരുന്നു.

ബിജെപി യില്‍ നിന്ന് പുറത്ത് വന്നാല്‍ നിതിന്‍ പട്ടേലിനെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് ഹാര്‍ദിക് പറഞ്ഞു. ഉചിതമായ സ്ഥാനം അദ്ദേഹത്തിനു ലഭിക്കാന്‍ കോണ്‍ഗ്രസുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയ
സംഭവവികാസങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്ന് കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു. ആനന്ദിബെന്‍ പട്ടേലിന് ശേഷം ബിജെപി നേതൃത്വം നിതിന്‍ പട്ടേലിനെ ലക്ഷ്യം വയ്ക്കുകയാണ്. പട്ടേലിന്റെയും അദേഹത്തിന്റെ അനുയായികളുടെയും പിന്തുണയുണ്ടെങ്കില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി തയ്യാറാണെന്ന്‌ സംസ്ഥാന അധ്യക്ഷന്‍ ഭരത്‌സിങ് സോളങ്കിയും അറിയിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് വകുപ്പ് വിഭജനം സംബന്ധിച്ച് മുതിര്‍ന്ന നേതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ചത്. മുമ്പുണ്ടായിരുന്ന നഗരവികസനം, ധനം, പെട്രോളിയം വകുപ്പുകള്‍ വേണമെന്നായിരുന്നു നിതിന്റെ ആവശ്യം. എന്നാല്‍, ഈ വകുപ്പുകള്‍ മുഖ്യമന്ത്രി വിജയ് രൂപാണി അദ്ദേഹത്തിന് നല്‍കിയില്ല. ഇതേതുടര്‍ന്നാണ് തര്‍ക്കം ഉടലെടുത്തത്. ചോദിച്ച വകുപ്പുകള്‍ മൂന്ന് ദിവസത്തിനകം നല്‍കിയില്ലെങ്കില്‍ രാജിവയ്ക്കുമെന്നാണ് നിതിന്‍ പട്ടേല്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.