മന്ത്രിമാരോട് ലൈക്കുകള്‍ കൂട്ടാന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്‌

0
49

തിരുവനന്തപുരം: നവമാധ്യമങ്ങളില്‍ മന്ത്രിമാര്‍ കൂടുതല്‍ സജീവമാകണമെന്ന കര്‍ശന നിര്‍ദേശവുമായി മുഖ്യമന്ത്രി. നവമാധ്യമ അക്കൗണ്ടുകളിലെ ലൈക്കുകള്‍ കൂട്ടണമെന്ന നിര്‍ദേശമാണ് മുഖ്യമന്ത്രി മന്ത്രിമാര്‍ക്ക് നല്കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് വിളിച്ചു ചേര്‍ത്ത യോഗത്തിലായിരുന്നു നിര്‍ദേശം നല്കിയത്. മുഖ്യമന്ത്രിയുടെ ഓഫീസിനാകും ഏകോപന ചുമതല. ഇടപെടല്‍ ശക്തമാക്കാനായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നവമാധ്യമ സെന്‍ട്രല്‍ ഡസ്‌ക് ആരംഭിക്കും. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം. വി.ജയരാജന്‍ മറ്റ് മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരെ ഉള്‍പ്പെടുത്തി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് നവമാധ്യമ ഇടപെടല്‍ ശക്തമാക്കാനുള്ള തീരുമാനം ഉണ്ടായത്.
നവമാധ്യമങ്ങളിലെ മന്ത്രിമാരുടെ സാന്നിധ്യം സംബന്ധിച്ച കണക്കുകളും യോഗത്തില്‍ അവതരിപ്പിച്ചു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അവതരിപ്പിച്ച കണക്കുകള്‍ പ്രകാരം ആറ് ലക്ഷം ലൈക്കുകളുള്ള ധനമന്ത്രി തോമസ് ഐസക്കാണ് മന്ത്രിമാരില്‍ ഫെയസ്ബുക്കിലെ താരം. മുഖ്യമന്ത്രിയുടെ ലൈക്ക് കണക്ക് റിപ്പോര്‍ട്ടില്‍ പറഞ്ഞില്ലെങ്കിലും അദ്ദേഹം ഐസക്കിനും പിന്നിലാണ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക പേജിന് 5.97 ലക്ഷം ലൈക്കുകളും സ്വകാര്യ പേജിന് 4.57 ലക്ഷം ലൈക്കുകളുമാണുള്ളത്.
അടുത്തത് കെ.ടി ജലീലാണ്. ജലീലിന് 10,6000 ലൈക്കുകളാണ് ഉള്ളത്. തൊട്ടുപിന്നില്‍ ജി.സുധാകരന്‍- ഒരുലക്ഷം ലൈക്കുകളാണ് അദ്ദേഹത്തിന്. മന്ത്രിസഭയില്‍ വൈകിവന്ന എം.എം. മണിക്ക് 72,000 ലൈക്കുകളുണ്ട്. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്റെ ഫെയസ്ബുക്ക് പേജിന് 800 ലൈക്ക് മാത്രമേയുള്ളു. 536 ലൈക്കുകളുമായി ഭക്ഷ്യമന്ത്രി പി. തിലോത്തമനാണ് ലൈക്കുകളില്‍ ഏറ്റവും പിന്നില്‍.