മസ്‌കത്തില്‍ ഇന്ധന സബ്‌സിഡിക്കായി 1,45,000 പേര്‍

0
59

മസ്‌കത്ത്: അധിക വരുമാനമില്ലാത്ത സ്വദേശികള്‍ക്ക് ഏര്‍പ്പെടുത്തുന്ന ഇന്ധന സബ്സിഡിക്ക് 1,45,000ത്തില്‍ പരം സ്വദേശികള്‍ ഇതുവരെ അപേക്ഷിച്ചായ് റിപ്പോര്‍ട്ട്. ഇവരില്‍ 1019 മത്സ്യത്തൊഴിലാളികള്‍ ഉണ്ട്. ജനുവരി മുതല്‍ സബ്സിഡി നിരക്കില്‍ ഇന്ധനം ലഭിച്ചു തുടങ്ങുമെങ്കിലും തുടര്‍ന്നും റജിസ്ട്രേഷന് അവസരം നല്‍കും. എം 91 പെട്രോളാണ് മാസത്തില്‍ 200 റിയാല്‍ വരെ സബ്സിഡി നിരക്കില്‍ ലഭിക്കുക.
600 ഒമാനി റിയാലില്‍ താഴെ മാസ വരുമാനമുള്ള 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കാണ് സബ്സിഡി ലഭിക്കുക. സബ്സിഡി നിരക്കില്‍ ലിറ്ററിന് 180 ബൈസക്ക് 200 ലിറ്റര്‍ പെട്രോള്‍ ഒരു മാസം ലഭ്യമാകും. രാജ്യത്തെ എണ്ണ വിപണന എജന്‍സികളായ ഒമാന്‍ ഓയില്‍, ഷെല്‍, അല്‍ മഹ എന്നി കമ്പനികള്‍ വഴിയാണ് സബ്സിഡി കാര്‍ഡുകള്‍ അനുവദിക്കുക.

ഇതുവരെ റജിസ്റ്റര്‍ ചെയ്തവരില്‍ 51 ശതമാനം പേരും തിരഞ്ഞെടുത്തിരിക്കുന്നത് ഒമാന്‍ ഓയിലിനെയാണ്. 32 ശതമാനം ഷെല്‍ ഒമാനും 17 ശതമാനം പേര്‍ അല്‍ മഹ മാര്‍ക്കിംഗ് കമ്പനിയെയും തിരഞ്ഞെടുത്തു. മന്ത്രിസഭാ കൗണ്‍സിലിന്റെ തീരുമാനപ്രകാരമാണ് ദേശീയ ഇന്ധന സബ്സിഡി സംവിധാനം തിരികെ കൊണ്ടുവരുന്നത്. രാജ്യത്ത് നിരത്തുകളിലുള്ള വാഹനങ്ങളില്‍ 80 ശതമാനവും എം 91, എം 95 പെട്രോള്‍ ഇന്ധനമായി ഉപയോഗിക്കാവുന്നവയാണ്.