മുത്തലാഖ് നിരോധനം: കോണ്‍ഗ്രസ് നിലപാട് തള്ളി എം.എം.ഹസന്‍

0
40


മലപ്പുറം: മുത്തലാഖ് നിരോധന ബില്ലിനെതിരെ കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍. ലോക്‌സഭ പാസാക്കിയ ബില്ലിനെ കോണ്‍ഗ്രസ് അനുകൂലിച്ചിരുന്നു. കോണ്‍ഗ്രസിന്റെ ഈ നിലപാട് തള്ളിയാണ് ഹസന്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

പാര്‍ട്ടി അനൂകുലിക്കുന്നെങ്കിലും താന്‍ മുത്തലാഖ് നിരോധനത്തിന് എതിരാണെന്ന് ഹസന്‍ പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ വിശ്വാസപ്രമാണത്തെ തകര്‍ക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മലപ്പുറത്ത് നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഹസന്‍.

മുത്തലാഖ് നിരോധനത്തെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നുണ്ടെങ്കിലും മുത്തലാഖ് ചൊല്ലുന്ന പുരുഷന് മൂന്ന് വര്‍ഷം തടവ് ശിക്ഷ നല്‍കുന്നത് ഉള്‍പ്പെടെയുള്ള വ്യവസ്ഥകളെ അവര്‍ എതിര്‍ത്തിരുന്നു. കൂടാതെ ബില്ലിലെ പോരായ്മകള്‍ പരിഹരിക്കാന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടണമെന്ന് കോണ്‍ഗ്രസും സിപിഎമ്മും ആവശ്യപ്പെട്ടെങ്കിലും ബിജെപി അംഗീകരിച്ചില്ല. എന്നാല്‍ ബില്‍ രാഷ്ട്രീയപ്രേരിതമാണ് എന്നായിരുന്നു മുസ്‌ലിം ലീഗിന്റെ ആരോപണം. അണ്ണാ ഡിഎംകെയും ബിജെഡിയും എസ്പിയും എതിര്‍ത്തെങ്കിലും ബില്‍ ശബ്ദവോട്ടോടെ പാസാക്കി. ഇനി രാജ്യസഭ ബില്‍ പാസാക്കുകയും രാഷ്ട്രപതി അംഗീകരിക്കുകയും ചെയ്താല്‍ ബില്‍ നിയമമാകും.