രാജ്യസഭാ സീറ്റ് നല്‍കാന്‍ തയ്യാറായി രഘുറാം രാജനെ ക്ഷണിച്ച് ആം ആദ്മി

0
42

ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടിയില്‍ മൂന്നു രാജ്യസഭാ സീറ്റുകളെച്ചൊല്ലി തര്‍ക്കം. ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കാണ് അടുത്ത മാസം 16ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. വിജയം ഉറപ്പുള്ള ഈ മൂന്ന് സീറ്റുകളില്‍ ആരു മല്‍സരിക്കണമെന്നതുമായി ബന്ധപ്പെട്ടാണ് എഎപിയില്‍ തര്‍ക്കം രൂപപ്പെട്ടിരിക്കുന്നത്. എഴുപതംഗ ഡല്‍ഹി നിയമസഭയില്‍ മൃഗീയ ഭൂരിപക്ഷമുള്ള എഎപിക്ക് മൂന്നു സീറ്റിലേക്കും സ്വന്തം സ്ഥാനാര്‍ഥികളെ വിജയിപ്പിച്ചെടുക്കാനുള്ള ശേഷിയുണ്ടെന്നിരിക്കെയാണ് അഭിപ്രായ ഭിന്നത ഉണ്ടായിരിക്കുന്നത്. ജനുവരി അഞ്ചാണ് രാജ്യസഭാ തിരഞ്ഞെടുപ്പിന് നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി.

അഭിപ്രായ ഭിന്നത രൂക്ഷമായതോടെ പൊതുസമ്മതരെന്ന നിലയില്‍ രാജ്യസഭയിലേക്ക് മല്‍സരിക്കാന്‍ റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍, സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ടി.എസ്. താക്കൂര്‍ എന്നിവരെ എഎപി ദേശീയ നേതൃത്വം ക്ഷണിച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം, ഇരുവരും താല്‍പര്യക്കുറവ് പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

രാജ്യസഭാ സീറ്റിനായി ശക്തമായി രംഗത്തുള്ള വിമത നേതാവ് കുമാര്‍ വിശ്വാസിനെ മറ്റു നേതാക്കള്‍ എതിര്‍ക്കുന്നതാണ് എഎപിയിലെ തര്‍ക്കത്തിനു കാരണം. പാര്‍ട്ടിക്കുള്ളില്‍ ഒരു വിഭാഗത്തിന്റെ പിന്തുണയുള്ള കുമാര്‍ വിശ്വാസിന് സീറ്റ് നിഷേധിച്ചാല്‍ അത് എഎപിയില്‍ നിലവിലുള്ള തര്‍ക്കം കൂടുതല്‍ രൂക്ഷമാക്കുമെന്നാണ് ദേശീയ നേതൃത്വത്തിന്റെ ഭയം.

ഈ സാഹചര്യത്തിലാണ് രാജ്യസഭാ സ്ഥാനാര്‍ഥികള്‍ക്കായുള്ള അന്വേഷണം രഘുറാം രാജനെപ്പോലുള്ള പൊതുസമ്മതരിലേക്ക് എത്തിയിരിക്കുന്നത്. അതേസമയം, എഎപിക്കായി അധ്വാനിക്കുന്ന മുതിര്‍ന്ന നേതാക്കളെത്തന്നെ പാര്‍ട്ടി നോമിനികളായി രാജ്യസഭയിലേക്ക് അയയ്ക്കണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. മുതിര്‍ന്ന നേതാവ് സഞ്ജയ് സിങ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വിശ്വസ്തനായി അറിയപ്പെടുന്ന അശുതോഷ് എന്നിവരുടെ
പേരുകളും പരിഗണനയിലുണ്ട്.