അനിശ്ചിതത്വങ്ങള്‍ക്ക് താത്ക്കാലിക വിരാമം;സ്ഥാനമേല്‍ക്കാമെന്ന് നിതിന്‍ പട്ടേല്‍

0
50

അഹമ്മദാബാദ്: ഗുജറാത്തിലെ വിജയ് രൂപാണി മന്ത്രിസഭയില്‍ വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട് നില നിന്നിരുന്ന തര്‍ക്കങ്ങള്‍ക്ക് താത്ക്കാലിക വിരാമമാകുന്നു. ആവശ്യപ്പെട്ട വകുപ്പുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന്

ഇടഞ്ഞ് നിന്നിരുന്ന ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ ഒടുവില്‍ സ്ഥാനമേല്‍ക്കാമെന്ന് സമ്മതിച്ചു . ഇന്ന് തന്നെ സെക്രട്ടറിയേറ്റില്‍ പോയി മന്ത്രിസഭാ ചുമതല ഏറ്റെടുക്കുമെന്ന് നിതിന്‍ പട്ടേല്‍ വ്യക്തമാക്കി. ആവശ്യപ്പെട്ട വകുപ്പുകള്‍ വേണമെന്ന നിതിന്‍ പട്ടേലിന്റെ ആവശ്യം ദേശീയനേതൃത്വം തള്ളിയതിന് പിന്നാലെയാണ് നിതിന്‍ നിലപാട് മാറ്റി രംഗത്തെത്തിയത്.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ടെലഫോണില്‍ സംസാരിച്ചെന്നും അനുയോജ്യമായ വകുപ്പുകള്‍ ലഭിക്കുമെന്ന ഉറപ്പ് അദ്ദേഹം നല്‍കിയെന്നും നിതിന്‍ പട്ടേല്‍ വ്യക്തമാക്കി. ഉറപ്പിന് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇതോടെ കഴിഞ്ഞ ദിവസങ്ങളില്‍ ഗുജറാത്ത് ബിജെപിയില്‍ നിലനിന്നിരുന്ന അനിശ്ചിതത്വങ്ങള്‍ക്കാണ് വിരമമായിരിക്കുന്നത്.

കഴിഞ്ഞ മന്ത്രിസഭയില്‍ വഹിച്ചിരുന്ന ധനകാര്യം, പെട്രോളിയം, നഗരവികസനം എന്നീ വകുപ്പുകള്‍ ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് മന്ത്രിസ്ഥാനം ഏറ്റെടുക്കാതെ ഇടഞ്ഞ് നില്‍ക്കുകയായിരുന്നു കഴിഞ്ഞ ദിവസങ്ങളിലായി നിതിന്‍ പട്ടേല്‍. ഇത്തവണ അദ്ദേഹത്തിന് ആരോഗ്യം, റോഡ്-പാലം വകുപ്പുകളാണ് ലഭിച്ചിരിക്കുന്നത്. ധനകാര്യം സൗരഭ് പട്ടേലിന് നല്‍കിയപ്പോള്‍ മറ്റ് രണ്ട് വകുപ്പുകള്‍ മുഖ്യമന്ത്രി വിജയ് രൂപാണി ഏറ്റെടുക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് നിതിന്‍ പട്ടേല്‍ അതൃപ്തി അറിയിച്ച് രംഗത്തെത്തിയത്. മൂന്ന് ദിവസത്തിനുള്ളില്‍ പരിഹാരം ഉണ്ടായില്ലെങ്കില്‍ രാജിവെക്കുമെന്ന നിലപാടിലാണ് അദ്ദേഹമെന്നായിരുന്നു അടുത്ത വൃത്തങ്ങള്‍ നല്‍കിയ സൂചന.സ്ഥാനമാനങ്ങളല്ല, ആത്മാഭിമാനത്തിന്റെ പ്രശ്നമാണ് ഇതെന്നായിരുന്നു നിതിന്‍ പട്ടേല്‍ അഭിപ്രായപ്പെട്ടത്.

എന്നാല്‍ നിതിന്‍ പട്ടേലിന്റെ ആവശ്യം കേന്ദ്രനേതൃത്വം തള്ളുകയായിരുന്നു. വകുപ്പകുള്‍ മാറ്റി നല്‍കാനാകില്ലെന്ന് നേതൃത്വം വ്യക്തമാക്കി. എന്നാല്‍ മന്ത്രിസഭയിലെ രണ്ടാമന്‍ നിതിന്‍ പട്ടേല്‍ തന്നെ ആയിരിക്കുമെന്നും മുഖ്യമന്ത്രിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും നേതൃത്വം നിര്‍ദേശം നല്‍കി. ഇതിന് പുറകെയാണ് വകുപ്പിന്റെ ചുമതല ഇന്നുതന്നെ ഏറ്റെടുക്കുമെന്ന് നിതിന്‍ പട്ടേല്‍ വ്യക്തമാക്കിയിരിക്കുന്നത്.
നേരത്തെ പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേല്‍ നിതിന്‍ പട്ടേലിനെ സ്വാഗതം ചെയ്ത് രംഗത്തെത്തിയിരുന്നു. പത്ത് എംഎല്‍മമാരുമായി പുറത്തുവന്നാല്‍ കോണ്‍ഗ്രസുമായി സഹകരിച്ച് മാന്യമായ പദവി വാങ്ങിനല്‍കാമെന്ന് പട്ടേല്‍ അഭിപ്രായപ്പെട്ടിരുന്നു. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരുകയാണെന്നായിരുന്നു കോണ്‍ഗ്രസിന്റ പ്രതികരണം.