ഒന്നാം ലോക മഹായുദ്ധ കാലത്ത് അപ്രത്യക്ഷമായ മുങ്ങിക്കപ്പല്‍ ഒരു നൂറ്റാണ്ടിന് ശേഷം കണ്ടെത്തി

0
65

മെല്‍ബണ്‍: ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷമായ ഓസ്‌ട്രേലിയന്‍ നാവിക സേനയുടെ മുങ്ങിക്കപ്പല്‍ ഒരു നൂറ്റാണ്ടിന് ശേഷം കണ്ടെത്തി. ഒന്നാം ലോക മഹായുദ്ധ കാലത്ത് കാണാതായ കപ്പലാണ് ദ്വീപുരാജ്യമായ പാപുവ ന്യൂഗിനിയോട് ചേര്‍ന്ന് ഡ്യൂക് ഓഫ് യോര്‍ക്ക് ദ്വീപുകള്‍ക്ക് സമീപം കണ്ടെത്തിയിരിക്കുന്നത്. 103 വര്‍ഷങ്ങള്‍ക്കു മുന്‍പ് കാണാതായ എച്ച്എംഎഎസ് എഇ1 എന്ന മുങ്ങിക്കപ്പല്‍ ആണ് കണ്ടെത്തിയത്. 1976 മുതല്‍ ഈ മുങ്ങിക്കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താനുള്ള ശ്രമം നടന്നുവരികയായിരുന്നു.

കടലുകള്‍ കേന്ദ്രീകരിച്ചുള്ള ഗവേഷണങ്ങളില്‍ സഹായിക്കുന്ന ഫുര്‍ഗ്രോ ഇക്വേറ്റര്‍ എന്ന നിരീക്ഷണക്കപ്പലാണ് കടലിനടിയില്‍ മുങ്ങിക്കപ്പലിന്റെ സാന്നിധ്യം ആദ്യം കണ്ടെത്തിയത്. തുടര്‍ന്ന് ഡ്രോണുകളും എക്കോ സൗണ്ടറുകള്‍ പോലുള്ള ഉപകരണങ്ങളും ഉപയോഗിച്ച് പരിശോധന നടത്തിയ ഗവേഷകരാണ് ഒന്നാം ലോകമഹായുദ്ധ കാലത്ത് ഓസീസ് നാവികസേനയ്ക്ക് നഷ്ടമായ മുങ്ങിക്കപ്പലാണ് ഇതെന്ന് തിരിച്ചറിഞ്ഞത്.

ജലനിരപ്പില്‍ നിന്നും ഏതാണ്ട് 1,000 അടി താഴ്ചയിലാണ് മുങ്ങിക്കപ്പല്‍ കണ്ടെത്തിയത്. 1914 സെപ്റ്റംബര്‍ 14നാണ് പാപുവ ന്യൂഗിനിയയ്ക്കു സമീപം റബൗളില്‍നിന്ന് ഈ മുങ്ങിക്കപ്പല്‍ കാണാതായത്. ഈ സമയത്ത് മുങ്ങിക്കപ്പലിലുണ്ടായിരുന്ന 35 ജീവനക്കാരെക്കുറിച്ചും പിന്നീട് സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് ഉള്ളവരായിരുന്നു ഇവര്‍.

ഒന്നാം ലോക മഹായുദ്ധകാലത്ത് ഓസീസ് നാവികസേനയ്ക്ക് നഷ്ടമായ ആദ്യ മുങ്ങിക്കപ്പല്‍ കൂടിയാണിത്. രണ്ടാം ലോക മഹായുദ്ധ കാലത്ത് ഒട്ടേറെ മുങ്ങിക്കപ്പലുകള്‍ അപ്രത്യക്ഷമായിട്ടുണ്ടെങ്കിലും ഒന്നാം ലോക മഹായുദ്ധ കാലത്ത് ഇത്തരത്തില്‍ നഷ്ടമായിട്ടുള്ള മുങ്ങിക്കപ്പലുകളുടെ എണ്ണം തീരെ കുറവാണ്.