ജൂനിയർ ഡോക്​ടർമാരുടെ സമരം ഒത്തുതീർന്നു

0
49

തിരുവനന്തപുരം: ഡോക്ടർമാരുടെ പെൻഷൻപ്രായം വർധിപ്പിക്കുന്നതിനെതിരേ സംസ്ഥാനത്തെ ജൂനിയർ ഡോക്ടർമാർ നടത്തിവന്ന അനിശ്ചിതകാല സമരം ഒത്തുതീർന്നു. ആരോഗ്യമന്ത്രി കെ.കെ ഷൈലജയുമായി നടത്തിയ ചർച്ചകൾക്കു ശേഷമാണ് ഡോക്ടർമാർ സമരം അവസാനിപ്പിച്ചത്. സർക്കാർ മെഡിക്കൽ കോളജുകളിലെ പിജി ഡോക്ടർമാരും ഹൗസ് സർജന്മാരും ഡെന്‍റൽ കോളജുകളിലെ വിദ്യാർഥികളുമാണ് സമരം നടത്തിയത്.

പിജി പഠനത്തിനു ശേഷം ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ കയറാന്‍ കഴിയുന്ന തരത്തില്‍ തസ്തികകള്‍ വര്‍ധിപ്പിക്കുമെന്ന് മന്ത്രി സമരക്കാരെ അറിയിച്ചു.സര്‍വീസില്‍ നിന്ന് ഈ വര്‍ഷം പിരിയുന്നത് 44 പേരാണ്. അതുപോലെ തന്നെ അടുത്ത വര്‍ഷത്തേക്ക് 16 പേര്‍ വിരമിക്കും. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് ഇവര്‍ വിരമിക്കാതിരിക്കുന്ന സാഹചര്യത്തില്‍ ഉണ്ടാകുന്ന പ്രയാസം പരിഹരിക്കണമെന്നാണ് സമരം ചെയ്ത ജൂനിയര്‍ ഡോക്ടര്‍മാര്‍ പ്രധാനമായും ഉന്നയിച്ചത്.

ഡോക്ടർമാർക്കായി ആർദ്രം മിഷന്‍റെ ഭാഗമായി അടുത്ത വർഷം കൂടുതൽ തസ്തിക സൃഷ്ടിക്കുമെന്ന് ചർച്ചക്കുശേഷം മന്ത്രി ഷൈലജ പറഞ്ഞു. റിപ്പോർട്ട് ചെയ്യപ്പെടാത്ത തസ്തികകൾ കണ്ടെത്തി നിയമനം നടത്തും. പിഎസ്‌സിയുമായി ചേർന്നു ഇതിനുവേണ്ട നടപടികൾ സ്വീകരിക്കും.റാങ്ക് ലിസ്റ്റിൽ ഉണ്ടായിട്ടും നിയമനം നടത്തിയില്ലെങ്കിൽ ബന്ധപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കും.പെൻഷൻ പ്രായം വർധിപ്പിച്ച തീരുമാനം പിൻവലിക്കാനാവില്ലെന്ന് സമരക്കാരെ അറിയിച്ചിട്ടുണ്ട്. സമരം ചെയ്തവർക്കെതിരെ നടപടി സ്വീകരിക്കില്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.