തെരുവിലിറങ്ങി പ്രതിഷേധിച്ച് ആയിരങ്ങള്‍: പ്രതിഷേധക്കാര്‍ക്ക് മുന്നറിയിപ്പുമായി ഇറാന്‍ ഭരണകുടം

0
65

ടെഹ്‌റാന്‍: സര്‍ക്കാരിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഇറാന്‍ ഭരണകുടം. രാജ്യമെങ്ങും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നവര്‍ അതിന്റെ ‘ഫലം അനുഭവിക്കു’മെന്ന് ഇറാന്‍ ഭരണകുടത്തിന്റെ മുന്നറിയിപ്പ്‌. ക്രമസമാധാനനില തകര്‍ക്കുകയും പൊതുസമ്പത്ത് നശിപ്പിക്കുകയും ചെയ്യുന്നവര്‍ അതിനുള്ള തിരിച്ചടി അനുഭവിക്കേണ്ടി വരുമെന്ന് ആഭ്യന്തരമന്ത്രി അബ്ദല്‍റേസ റഹ്മാനി ഫസ്ലി ഔദ്യോഗിക ടെലിവിഷനിലൂടെ അറിയിച്ചു. അക്രമവും ഭയവും ഭീകരതയും പടരുന്നതു തീര്‍ച്ചയായും നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, പ്രതിഷേധക്കാര്‍ക്കെതിരായുള്ള നടപടികളില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേരെ അറസ്റ്റ് ചെയ്ത് നീക്കി. എന്നാല്‍, രണ്ടുപേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടും ജനക്കൂട്ടത്തിനു നേര്‍ക്ക് പൊലീസ് വെടിവയ്പ്പു നടത്തിയിട്ടില്ലെന്ന നിലപാടിലാണ് ഉദ്യോഗസ്ഥര്‍. രാജ്യമെങ്ങുമുള്ള പ്രതിഷേധ പരിപാടികളില്‍ ആയിരക്കണക്കിന് പേരാണ് പങ്കെടുക്കുന്നത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഇസ്ഫഹാനിലും മാഷാദിലും മറ്റു ചെറുനഗരങ്ങളിലും രാത്രി വൈകിയും തുടരുന്ന പ്രതിഷേധങ്ങളുടെ വീഡിയോകളാണ്‌
സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍ യാത്രാ നിയന്ത്രണങ്ങളും മറ്റും മൂലം ഔദ്യോഗിക മാധ്യമങ്ങള്‍ക്ക് ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കാനായിട്ടില്ല.

അതേസമയം, അടിച്ചമര്‍ത്തി ഭരിക്കുന്നവര്‍ക്ക് എന്നും അങ്ങനെ ചെയ്യാനാകില്ലെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.

അഴിമതിക്കും തൊഴിലില്ലായ്മയ്ക്കുമെതിരെ ആരംഭിച്ച തെരുവു പ്രക്ഷോഭം മൂന്നു ദിവസം പിന്നിട്ടതായി സമൂഹമാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുണ്ട്. നാണ്യപ്പെരുപ്പവും തൊഴിലില്ലായ്മയും വര്‍ധിച്ചതിനു പിന്നാലെ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റവും സര്‍ക്കാര്‍ വിരുദ്ധ വികാരം ശക്തമാക്കിയിട്ടുണ്ട്. 2009ല്‍ അഹ്മദി നെജാദ് രണ്ടാമതും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മാസങ്ങള്‍ നീണ്ട സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമാണ് ഇറാനിലുണ്ടായത്. ഇതിന്റെ വാര്‍ഷികത്തിലാണ് ഖമനയി വിരുദ്ധ മുദ്രാവാക്യങ്ങളുയര്‍ത്തി ടെഹ്‌റാനില്‍ അടക്കം നൂറുകണക്കിനു പ്രക്ഷോഭകര്‍ വ്യാഴാഴ്ച തെരുവിലിറങ്ങിയത്.