പിന്തുണയ്ക്ക് നന്ദി അറിയിച്ച് ഷെയ്ഖ് മുഹമ്മദ്‌

0
83

ദുബായ്: ജനങ്ങള്‍ക്ക് പുതുവര്‍ഷാശംസകള്‍ നേര്‍ന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. പോയ വര്‍ഷത്തില്‍ ഒട്ടേറെ നേട്ടങ്ങളുണ്ടായെന്നും വെല്ലുവിളികള്‍ കടന്ന് പദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാക്കാനായെന്നും അദ്ദേഹം പറഞ്ഞു. ഈ നേട്ടങ്ങളില്‍ പങ്കാളികളായ എല്ലാവര്‍ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. യുഎഇ സമൂഹത്തിലെ ഓരോ അംഗത്തിനും അദ്ദേഹം നന്ദി പറഞ്ഞു. അതോടൊപ്പം, നമ്മുടെ ലോകം മികവുറ്റതാക്കുന്നതിലും സന്തോഷകരമാക്കുന്നതിലും ക്രിയാത്മക പങ്കുവഹിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും  പുതുവല്‍സരാശംസകള്‍ നേര്‍ന്നുകൊണ്ട് അദ്ദേഹം പറഞ്ഞു.

2018 നന്മകളാലും അനുഗ്രഹങ്ങളാലും നിറയട്ടെ. പുതുവര്‍ഷത്തെ ഏറെ ആത്മവിശ്വാസത്തോടെയാണ് ഞാന്‍ വരവേല്‍ക്കുന്നത്. പുതിയ യാത്രയിലും സമര്‍പ്പണത്തിലും ആത്മവിശ്വാസമുണ്ട്. ഏത് വെല്ലുവിളികളും ആത്മവിശ്വാസത്തോടെ നേരിട്ട്, അത് വിജയത്തിലേക്കെത്തിച്ച് നേട്ടങ്ങള്‍ കൊയ്യാനാകും-അദ്ദേഹം പറഞ്ഞു.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ യുഎഇയിലെയും സൗഹൃദ രാജ്യങ്ങളിലെയും ഭരണാധികാരികള്‍ക്കും ജനങ്ങള്‍ക്കും പുതുവല്‍സരാശംസകള്‍ നേര്‍ന്നു.