പുതുവത്സരം പ്രമാണിച്ച്‌ സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി

0
47

തിരുവനന്തപുരം: പുതുവത്സരം പ്രമാണിച്ച്‌ സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. തിരുവനന്തപുരം നഗരത്തില്‍ ആയിരത്തോളം പൊലീസുകാരെയാണ് പുതുവത്സരദിനത്തില്‍ വിന്യസിച്ചിരിക്കുന്നത്. നിയമലംഘനം നടത്തുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി സിറ്റി പൊലീസ് കമ്മീഷണര്‍ പി പ്രകാശ് പറഞ്ഞു.

സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ രണ്ട് ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍, 15 അസിസ്റ്റന്റ് കമ്മിഷണര്‍മാര്‍, 75 സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരടക്കം ആയിരത്തോളം വരുന്ന സേനയെയാണ് തിരുവനന്തപുരം നഗരത്തില്‍ മാത്രം പുതുവത്സരദിനത്തില്‍ വിന്യസിച്ചിരിക്കുന്നത്.

തലസ്ഥാനത്ത് പുതുവര്‍ഷം കൊണ്ടാടുന്ന കോവളം, ശംഖുമുഖം ബീച്ചുകള്‍, വേളി, ആക്കുളം ബോട്ട് ക്ലബുകള്‍, ആഡംബര ഹോട്ടലുകള്‍, ക്ലബുകള്‍ എന്നിവിടങ്ങള്‍ പൊലീസിന്റെ സുരക്ഷാ വലയത്തിലാണ്. ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന ക്ലബുകള്‍ക്ക് എതിരെയും നടപടി തുടങ്ങി കഴിഞ്ഞു. ആഘോഷങ്ങള്‍ അതിരുവിടാതിരിക്കാന്‍ കര്‍ശന നടപടികളാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്. നിയമ ലംഘനം നടത്തുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് കമ്മീഷണറുടെ നിര്‍ദ്ദേശം.

സ്ത്രീകളുടെ സുരക്ഷയ്ക്ക് മഫ്തിയിലും യൂണിഫോമിലും വനിതാ പൊലീസും ഷാഡോ പൊലീസും രംഗത്തുണ്ടാകും. വിനോദ സഞ്ചാരികള്‍ക്കും പ്രത്യേകം സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മദ്യപിച്ചുള്ള ഡ്രൈവിംഗും, ബൈക്കിലും കാറിലുമുള്ള റൈസിംഗും അനുവദിക്കില്ലെന്നും പരിധി വിടാതെയുള്ള ആഘോഷങ്ങള്‍ തടയില്ലെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ പി പ്രകാശ് പറഞ്ഞു.

പ്രത്യേകം ക്യാമറകളും നഗരത്തില്‍ സ്ഥാപിച്ചു കഴിഞ്ഞു. കടല്‍ത്തീരങ്ങളിലെ ആഘോഷങ്ങളുടെ സുരക്ഷയ്ക്ക് കോസ്റ്റല്‍ പൊലീസിനും ലൈഫ് ഗാര്‍ഡുകള്‍ക്കുമാണ് ചുമതല. ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ്, ഹൈവേ പൊലീസ് എന്നിവരുടെ സേവനവും പുതുവത്സരത്തിന് ഉണ്ടാകും.