ബി.ജെ.പി ഭരണത്തില്‍ സിനിമയ്ക്ക് പേരിടാനുള്ള അവകാശം പോലും കലകാരന്മാര്‍ക്ക് ഇല്ലാതെയായിരിക്കുന്നു: എം.വി ജയരാജന്‍

0
66

തിരുവനന്തപുരം: വിവാദ ചിത്രം പത്മാവതിയുടെ പേര് പത്മാവദ് എന്നാക്കിയാല്‍ പ്രദര്‍ശനാനുമതി നല്‍കാമെന്ന സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തിനെതിരെ സി.പി.എം നേതാവ് എം.വി ജയരാജന്‍. സംഘപരിവാര്‍ ഭരണത്തിനു കീഴില്‍ ഒരു സിനിമയുടെ പേര് പോലും ഇടാന്‍ കലാകാരന്മാര്‍ക്ക് അവകാശം ഇല്ലാതെയായിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഇത് ഗൗരവമുള്ളതാണ്. ഇങ്ങനെപോയാല്‍ ഭാവിയില്‍ വീട്ടില്‍ ഒരുകുഞ്ഞ് പിറന്നാല്‍ അവന് / അവള്‍ക്ക് എന്ത് പേരിടണമെന്നുവരെ ആ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് അവകാശമില്ലാത്ത ഇരുണ്ട സാഹചര്യമാവും സൃഷ്ടിക്കപ്പെടുകയെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

എം.വി ജയരാജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

മണ്ടത്തരത്തിൽ
ഗവേഷണം നടത്തുന്നവർ
അഥവാ സെൻസർ ബോർഡ്‌
========================
പത്മാവതി എന്ന സിനിമ ഇനി പത്മാവത്‌ ആണത്രേ. ചലച്ചിത്രകാരന്റെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിൽ കയറി, ബി.ജെ.പി സർക്കാർ നിർബന്ധപ്രകാരം ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടതുകൊണ്ട്‌ എന്താണ്‌ നേട്ടം. ബൻസാലിയുടെ ‘പത്മാവതി’ എന്നപേരും സിനിമയും ഇതിനോടകം വലിയ ചർച്ചയായതാണ്‌. അത്തരത്തിൽ, റിലീസിനുമുമ്പേ ജനങ്ങളാകെ ചർച്ച ചെയ്ത ‘പത്മാവതി’ സിനിമയുടെ പേര്‌ ‘പത്മാവത്‌ ‘ എന്നാക്കിയതും ചർച്ച ചെയ്യപ്പെട്ടതാണ്‌. ‘പത്മാവത്‌’ = ‘പത്മാവതി’ എന്നുതന്നെയാവും ഇനി ഈ സിനിമയുടെ പോസ്റ്റർ കാണുന്ന ഓരോരുത്തരും ചർച്ച ചെയ്യുക. അപ്പോൾ ഇനി എന്തുപേരിട്ടാലും ജനങ്ങൾക്ക്‌ ആ സിനിമ പത്മാവതിയാണ്‌.

എന്തുകഴിക്കണം, എന്തുചിന്തിക്കണം, എന്ത്‌ ധരിക്കണം എന്നെല്ലാം ഫത്‌ വ വകൾ പുറപ്പെടുവിക്കുന്ന സംഘപരിവാർ ഭരണത്തിൽ, ഒരു സിനിമയുടെ പേരുപോലും ഇടാൻ അതിന്‌ പിന്നിൽ പ്രവർത്തിച്ച കലാകാരന്മാർക്ക്‌ അവകാശം ഇല്ലാതായിരിക്കുന്നു. ഇത്‌ ഗൗരവമുള്ളതാണ്‌. ഇങ്ങനെപോയാൽ ഭാവിയിൽ വീട്ടിൽ ഒരുകുഞ്ഞ്‌ പിറന്നാൽ അവന്‌ / അവൾക്ക്‌ എന്ത്‌ പേരിടണമെന്നുവരെ ആ കുട്ടിയുടെ മാതാപിതാക്കൾക്ക്‌ അവകാശമില്ലാത്ത ഇരുണ്ട സാഹചര്യമാവും സൃഷ്ടിക്കപ്പീറ്റുക. അത്‌ അനുവദിച്ചുകൂട.

വിശ്വാസങ്ങൾ തുമ്മിയാൽ തെറിക്കുന്നയത്രയും ദുർബലമാണെന്ന് സ്വയം വിശ്വസിക്കുന്നവരാണ്‌ ഇത്തരത്തിൽ കലയ്ക്കും കലാകാരന്മാർക്കും നിരോധനങ്ങൾ കൊണ്ടുവരുന്നതും വിമർശ്ശനങ്ങളെ കത്രിച്ച്‌ കളയിക്കുന്നതും. നിർമ്മാല്യം പോലുള്ള സിനിമകൾ അക്കാലത്ത്‌ ഒരു പ്രശ്നവുമില്ലാതെ ജനങ്ങൾ സ്വീകരിച്ചു. അവർക്കറിയാം വിശ്വാസം വേറെ, സിനിമ വേറെ എന്ന്. എന്നാലിന്ന് വിശ്വാസം രാഷ്ട്രീയ ലക്ഷ്യം മാത്രമാക്കുന്നവർ വിശ്വാസികളേയും വിശ്വാസത്തേയും ചൂഷണം ചെയ്യുകയാണ്‌. അത്‌ സിനിമാമേഖലയിലും എത്തിയെന്നുമാത്രം. ഇരുട്ട്‌ പരത്തുന്ന അത്തരം കോലങ്ങാളെ എതിർത്ത്‌ തോൽപ്പിക്കാൻ കലാകാരന്മാരും വിശ്വാസികളും ഉൾപ്പാടെ മുഴുവൻ ജനതയും അണിനിരക്കണം.