ഭൂമി വില്‍പന വിവാദം മറ്റു രൂപതകളിലേക്കും;നാളെ അടിയന്തര സിനഡ് ചേരും

0
60
Kottakkavu Mar Thoma Syro-Malabar Pilgrim Church (Old) founded by St. Thomas and rebuilt by Mar Sabor and Mar Proth

കൊച്ചി: ഭൂമി വില്‍പന വിവാദം സീറോ മലബാര്‍ സഭയിലെ മറ്റു രൂപതകളിലേക്കും വ്യാപിക്കുന്നു. സമാനമായ ആരോപണം തൃശൂര്‍, പാലക്കാട് രൂപതകളിലാണ് ഉയരുന്നത്. പ്രതിസന്ധി മറികടക്കാന്‍ സഭയുടെ സ്ഥിരം സിനഡ് നാളെ അടിയന്തരമായി യോഗം ചേരും.

എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി വില്‍പന വിവാദത്തില്‍ പരസ്യ പ്രതികരണം അവസാനിപ്പിക്കണമെന്ന നിര്‍ദേശം വന്നതിന് ശേഷവും ഇരുപക്ഷവും ആരോപണവുമായി രംഗത്തു തുടരുകയാണ്. ഭൂമി കച്ചവടത്തില്‍ കര്‍ദിനാള്‍ മത്രമാണ് പ്രതിയെന്നും പൗരസ്ത്യ ആരാധനാക്രമവാദികളെ കൂട്ടുപിടിച്ച് പ്രശ്നം വഴിതിരിച്ചുവിടാന്‍ കര്‍ദിനാള്‍ ശ്രമിക്കുകയാണെന്നും ആരോപിച്ച് സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെ പിന്തുണയ്ക്കുന്ന വിഭാഗം ലഘുലേഖ പുറത്തിറക്കി. ഭൂമിയിടപാടില്‍ കര്‍ദിനാള്‍ ആലഞ്ചേരിക്ക് വീഴ്ച വന്നുവെന്ന പരസ്യ നിലപാടുമായി അതിരൂപതാ വക്താവ് ഫാദര്‍ പോള്‍ കരേടന്‍ തന്നെ രംഗത്തെത്തി. ഇതിനു മറുപടിയായി സഹായമെത്രാനെതിരെ പോസ്റ്റര്‍ പതിച്ചാണ് മറുവിഭാഗം പ്രതിഷേധിച്ചത്.
ഇതിനിടെ സിറോ മലബാര്‍ സഭയിലെ മറ്റു രൂപതകളിലും കഴിഞ്ഞ കുറെ നാളുകളായി നടന്ന ഭൂമിയിടപാട് സംബന്ധിച്ച് അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. തൃശൂര്‍ മുണ്ടൂര്‍ പാപ്പാ നഗറില്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി വാങ്ങിയ ഭൂമി നിസാര വിലയ്ക്ക് മുന്‍ ജനപ്രതിനിധി അടക്കമുള്ളവര്‍ക്ക് വിറ്റുവെന്നാണ് ആക്ഷേപം ഉയരുന്നത്. ഇതു സംബന്ധിച്ച രേഖകള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്ന് വൈദികരടക്കമുള്ളവര്‍ പറയുന്നു. പാലക്കാട് രൂപതയിലും സമാനമായ രീതിയില്‍ വൈദികര്‍ രംഗത്തെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സീറോ മലബാര്‍ സഭയുടെ സ്ഥിരം സിനഡ് അടിയന്തരമായി നാളെ യോഗം ചേരുന്നത്. സഭാ തലവന്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയിലാണ് യോഗം. നിലവിലെ വിവാദത്തില്‍ കര്‍ശന നടപടികള്‍ സ്ഥിരം സിനഡ് തിരുമാനിച്ച് എട്ടു മുതല്‍ 13 വരെ നടക്കുന്ന സിനഡില്‍ അവതരിപ്പിക്കാണ് നീക്കം.