രജനീകാന്തിന്റെ രാഷ്ട്രീയ പ്രഖ്യാപനം ഇന്നുണ്ടാകും

0
35


ചെന്നൈ: തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രഖ്യാപനം ഇന്നുണ്ടാകും. ദിവസങ്ങള്‍ക്ക് മുന്‍പ് ആരാധകരുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കവെയാണ് രാഷ്ട്രീയ പ്രഖ്യാപനം ഡിസംബര്‍ 31ന് ഉണ്ടാകുമെന്ന് താരം അറിയിച്ചത്.  നിലവിലെ തമിഴ് രാഷ്ട്രീയത്തില്‍ രജനീകാന്തിന്റെ തീരുമാനം നിര്‍ണായകമാകും.

പിറന്നാള്‍ ദിനമായ ഡിസംബര്‍ 12-ന് പ്രഖ്യാപനമുണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഡിസംബര്‍ 31-ന് തീരുമാനം വെളിപ്പെടുത്തുമെന്ന് രജനി വ്യക്തമാക്കുകയായിരുന്നു.

രാഷ്ട്രീയത്തില്‍ താന്‍ ആദ്യമല്ലെന്നും എന്നാല്‍ അതിലേക്കിറങ്ങാന്‍ വൈകിയെന്നുമായിരുന്നു നേരത്തെ രജനീകാന്ത് പ്രതികരിച്ചത്.
രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശനം വര്‍ഷങ്ങളായി തമിഴകത്തിലെ പ്രധാന ചര്‍ച്ചാവിഷയമാണെങ്കിലും ജയലളിതയുടെ മരണത്തെത്തുടര്‍ന്നാണ് അഭ്യൂഹങ്ങള്‍ ശക്തമായത്.

ഉലകനായകന്‍ കമലഹാസന്‍ തന്റെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച്‌ പ്രഖ്യാപനം നടത്തിയപ്പോഴും രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ സംബന്ധിച്ച്‌ ആരാധകര്‍ക്കിടയില്‍ ആകാംഷയുണ്ടായിരുന്നു.

1996-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയലളിതയ്‌ക്കെതിരേ രജനീകാന്ത് പരസ്യമായി രംഗത്തുവന്നിരുന്നു. അന്നത്തെ തിരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെ. വന്‍ പരാജയം നേരിട്ടതോടെയാണ് രജനിയുടെ രാഷ്ട്രീയപ്രവേശനത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളും തുടങ്ങിയത്.