സിആര്‍പിഎഫ് ക്യാംപിനു നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ നാല് ജവാന്മാര്‍ക്ക് വീരമൃത്യു

0
53

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സിആര്‍പിഎഫ് ക്യാംപിനുനേരെ നടന്ന ചാവേര്‍ ആക്രമണത്തില്‍ നാലു ജവാന്മാര്‍ക്കു വീരമൃത്യു. മൂന്നു സൈനികര്‍ക്കു പരുക്കേറ്റു. ആക്രമണം നടത്തിയ മൂന്നു ഭീകരരെയും സൈന്യം വധിച്ചു. രണ്ടു ഭീകരര്‍ സൈന്യത്തിന്റെ പിടിയിലായെന്നും റിപ്പോര്‍ട്ടുകളുണ്ട്. കശ്മീര്‍ താഴ്വരയിലെ ലെത്‌പോറയില്‍ സിആര്‍പിഎഫിന്റെ 185-ാം ബറ്റാലിയന്‍ ക്യാംപിനുനേരെ പുലര്‍ച്ചെ രണ്ടോടെയായിരുന്നു ആക്രമണം. സൈനിക വേഷത്തിലാണ് ഭീകരരെത്തിയത്. സിആര്‍പിഎഫ് ഉടന്‍തന്നെ തിരിച്ചടിച്ചു.

ഭീകരര്‍ അണ്ടര്‍-ബാരല്‍ ഗ്രനേഡ് ലോഞ്ചേറുകളും ഓട്ടോമാറ്റിക് തോക്കുകളും ധരിച്ചാണ് ആക്രമണത്തിനെത്തിയത്. ക്യാംപിനകത്തെ ഒരു കെട്ടിടത്തിലാണ് ഭീകരര്‍ ഒളിച്ചിരുന്നത്. കശ്മീര്‍ താഴ്വരയിലെ ഭീകരവിരുദ്ധ പോരാട്ടത്തിന് സേനയ്ക്കു പരിശീലനം നല്‍കുന്ന കേന്ദ്രവും കൂടിയാണ് ഈ ക്യാംപ്. ജമ്മു കശ്മീരിന്റെ പൊലീസ് സേനയും ഈ ക്യാംപില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

പുല്‍വാമയിലെ സിആര്‍പിഎഫിന്റെ ജില്ലാ പൊലീസ് കേന്ദ്രത്തിലേക്കു ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ എട്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. 12 മണിക്കൂറിലേറെ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ ആക്രമണം നടത്തിയ മൂന്നു ഭീകരരെ സൈന്യം വധിച്ചു. രണ്ടുമാസങ്ങള്‍ക്കു ശേഷം ശ്രീനഗര്‍ വിമാനത്താവളത്തിനു സമീപമുള്ള ബിഎസ്എഫ് ക്യാംപിലേക്കുള്ള ആയുധങ്ങളുമായി പോയ വാഹനത്തിനുനേരെ നടത്തിയ ആക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. 10 മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലിനുശേഷം മൂന്നു ഭീകരരെയും കൊലപ്പെടുത്തിയിരുന്നു.