സിഫ് ഫുട്‌ബോള്‍: സബീന്‍ എഫ്.സി-പ്രണ്ട്‌സ് ജിദ്ദ മത്സരം സമനിലയില്‍

0
77

ജിദ്ദ: 18ാമത് സിഫ് – ഈസ് ടീ ചാപ്യന്‍സ് ലീഗില്‍ ശറഫിയ്യ ട്രേഡിങ്ങ് സബീന്‍ എഫ്.സിയെ സമനിലയില്‍ തളച്ച്  ഈസി ട്രാവല്‍സ് ഫ്രണ്ട്‌സ് ജിദ്ദ. ആദ്യ ഗോള്‍ നേടിയത് ഫ്രണ്ട്‌സ് ജിദ്ദയാണ്. അതിഥി താരം നവാസ് ശരീഫ് ബെല്ലാടിയാണ് ഗോള്‍ നേടിയത്. രണ്ടാം പകുതിയുടെ 25ാം മിനുട്ടില്‍ നിസാമുദ്ദീന്‍ വെളുത്തതൊടികയാണ് സബീന്‍ എഫ്.സിയുടെ സമനില ഗോള്‍ കണ്ടെത്തിയത്. കളി അവസാനിക്കാന്‍ മൂന്ന് മിനിറ്റ് ബാക്കി നില്‍ക്കെ രണ്ടാം മഞ്ഞ കാര്‍ഡ് കണ്ട് സുധീഷ് പുറത്തു പോയതോടെ പത്തു പേരുമായാണ് ഫ്രണ്ട്‌സ് കളി പൂര്‍ത്തിയാക്കിയത്. സബീന്‍ എഫ്സിയുടെ മുഹമ്മദ് അസ്ലം ആണ്‌
മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടത്. ബി ഡിവിഷനില്‍ മക്ക ബി.സി.സി എഫ്.സി മറുപടിയില്ലാത്ത ഒരു ഗോളിന് റിഹാബ് എഫ്.സി യാമ്പുവിനെ പരാജയപ്പെടുത്തി. രണ്ടാം പകുതിയില്‍ നായകന്‍ അബ്ദുല്‍ ഹക്കീമാണ് ഗോള്‍ നേടിയത്. അബ്ദുല്‍ ഹക്കീം തന്നെയാണ് മികച്ച കളിക്കാരനും. സി ഡിവിഷനില്‍ ശകതരായ ജപ്പാന്‍ വാച്ചസ് മഹ്ജര്‍ എഫ്.സി ഈമാന്‍ ബേക്കറി യങ് ചാലഞ്ചേഴ്സിനെ ഒരു ഗോളിന് പരാജയപ്പെടുത്തി മൂന്ന് പോയിന്റ് കരസ്ഥമാക്കി. പകരക്കാരനായി വന്ന മുഹമ്മദ് ആഷിഫാണ് മഹ്ജറിനു വേണ്ടി ഗോള്‍ നേടിയത്. ത്സമഹ്ജര്‍ എഫ്‌സിയുടെ സയീദ് കലക്കാംതൊടിയാണ് കളിയിലെ കേമന്‍. ഡി ഡിവിഷനില്‍ സ്‌പോര്‍ട്ടിങ് യുണൈറ്റഡ് എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ജിദ്ദ ഇലവനെ തോല്‍പിച്ചു. ഇമ്രാന്‍ അബ്ദുല്ല, മുഹമ്മദ് അക്വിയാന്‍ എന്നിവര്‍ രണ്ടു ഗോളുകള്‍ വീതം നേടി. അഖിയാനാണ് മാന്‍ ഓഫ് ദ മാച്ച്.