അമേരിക്കയെ ഭയന്ന് പാകിസ്ഥാന്‍;ഹാഫിസ് സയീദിന്റെ ആസ്തികള്‍ ഏറ്റെടുക്കാന്‍ നീക്കം

0
52

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിന്റെ സ്വത്തുക്കള്‍ ഏറ്റെടുക്കാനുള്ള നീക്കവുമായി പാകിസ്ഥാന്‍ സര്‍ക്കാര്‍. ഇത് സംബന്ധിച്ച് പ്രവശ്യ ഭരണകൂടങ്ങള്‍ക്ക് സര്‍ക്കാര്‍ രഹസ്യ നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം. റോയിട്ടേഴ്‌സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ നിന്ന് ലഭിക്കുന്ന സമ്പാത്തിക സഹായം നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടിയാണ് പാക്ക് നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഭീകരര്‍ക്ക് സാഹയം നല്‍കുന്ന പാക് നിലപാടിനെതിരെ അമേരിക്ക രംഗത്ത് വന്നിരുന്നു. നിലപാടില്‍ മാറ്റം ഉണ്ടായില്ലെങ്കില്‍ സാമ്പത്തിക സഹായം ഉള്‍പ്പടെ നിര്‍ത്തലാക്കുമെന്ന് അമേരിക്ക പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതില്‍ ഭയന്നാണ് ഹാഫിസ് സയീദിനെതിരെ കടുത്ത നടപടികളിലേക്ക് പാക് സര്‍ക്കാര്‍ നീങ്ങിയതെന്നാണ് വിവരം.

ഹാഫീസ് സയീദിന്റെ ജമാ അത്തുദ്ദഅവ, ഫലാ ഇ ഇന്‍സാനിയത് ഫൗണ്ടേഷന്‍ എന്നിവയുടെ ആസ്തികള്‍ ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ നീക്കം. ഈ സംഘടനകള്‍ക്ക് കീഴില്‍ 50,000 സന്നദ്ധ പ്രവര്‍ത്തകരും നൂറുകണക്കിന് ജീവനക്കാരും ഉണ്ട്. ഇവയെ ലഷ്‌കറെ തോയിബയുടെ ഭാഗമായാണ് അമേരിക്ക കാണുന്നത് .ഇതുകൂടാതെ ജനുവരിയില്‍ യു.എന്‍ സംഘം അവലോകനത്തിനായി പാകിസ്ഥാനില്‍ എത്തുന്നുണ്ട്. കാര്യങ്ങള്‍ തൃപ്തികരമല്ലെങ്കില്‍ കടുത്ത ഉപരോധങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന. ഇതൊക്കെ മുന്നില്‍ കണ്ടാണ് പാക് നീക്കമെന്നാണ് സൂചന.